പ്രവാചകനിന്ദ: വിശദീകരണവുമായി ഹിന്ദുമഹാസഭ

ലഖ്‌നോ: പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചു വിവാദ പരാമര്‍ശം നടത്തിയ ഹിന്ദുത്വ നേതാവ് കമലേഷ് തിവാരിക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ഹിന്ദുമഹാസഭ. 'പ്രവാചകനെ അപമാനിച്ചു തിവാരി പുറപ്പെടുവിച്ച പ്രസ്താവന ഉചിതമായില്ല. അഖില ഭാരത ഹിന്ദുമഹാസഭ അതിനോടു യോജിക്കുന്നില്ല. തിവാരിയുടെ വ്യക്തിപരമായ അഭിപ്രായമാണദ്ദേഹം പ്രകടിപ്പിച്ചത്. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്നിവയടങ്ങുന്ന അഖണ്ഡ ഹിന്ദു രാഷ്ട്രമാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. എല്ലാ സമൂഹങ്ങളുടെയും വികസനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു'- ഹിന്ദുമഹാസഭയുടെ സെക്രട്ടറിയെന്നവകാശപ്പെടുന്ന മുന്നകുമാര്‍ ശര്‍മ പത്രക്കുറിപ്പില്‍ അറിയിച്ചു. തിവാരിയുടെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും ഹിന്ദുമഹാസഭയില്‍ അദ്ദേഹം ഒരു സ്ഥാനവും വഹിക്കുന്നില്ലെന്നും ശര്‍മ മാധ്യമങ്ങളോടു പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഅ്‌സം ഖാന്‍ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ നടത്തിയ പ്രസ്താവനയോടു പ്രതികരിക്കവേയാണ് പ്രവാചകനെ നിന്ദിച്ച് കമലേഷ് തിവാരി പ്രസ്താവന നടത്തിയത്. ഹിന്ദുമഹാസഭയുടെ വര്‍ക്കിങ് പ്രസിഡന്റാണ് താനെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.
കമലേഷിന്റെ പ്രസ്താവനയ്‌ക്കെതിരേ ഇന്ത്യയില്‍ പലസ്ഥലത്തും മുസ്‌ലിം സംഘടനകള്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. ഞായറാഴ്ച മണിക്കൂറുകളോളം ലഖ്‌നോ-ഹാര്‍ദോയ് റോഡ് ഉപരോധിച്ചു. യുപിയില്‍ 12ഓളം ജില്ലകളിലും പ്രതിഷേധറാലി നടന്നു. ദയൂബന്ദ് ദാറുല്‍ ഉലൂമിലെ വിദ്യാര്‍ഥികളും പ്രതിഷേധിച്ചു. മതങ്ങള്‍ക്കെതിരേ പ്രസ്താവന നടത്തുന്നവര്‍ക്കെതിരേ ശിക്ഷാ നടപടികളെടുക്കണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പ്രസിഡന്റ് മൗലാനാ റാബിഅ് ഹസന്‍ നദ്‌വി യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ടു. ഈ മാസം 10ന് ലഖ്‌നോ പോലിസ് തിവാരിക്കെതിരേ കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it