പ്രവര്‍ത്തിച്ചത് മനസാക്ഷിക്ക് അനുസൃതമായി: ചീഫ് ജസ്റ്റിസ്

കൊച്ചി: തന്റെ സേവനകാലയളവില്‍ ഉത്തരവാദപ്പെട്ട ചുമതലകളെല്ലാം മനസ്സാക്ഷിക്ക് അനുസൃതമായി മാത്രമാണ് നിര്‍വഹിച്ചതെന്ന് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഹൈക്കോടതി ജീവനക്കാരുടെ സംഘടനയായ സമന്വയ സംഘടിപ്പിച്ച യാത്രയയപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേനോന്‍ ആന്റ് പൈ ലോ സ്ഥാപനത്തില്‍ അഭിഭാഷകനായതും ജഡ്ജിയായതും ചീഫ് ജസ്റ്റിസായതുമെല്ലാം അപ്രതീക്ഷിതമായിരുന്നു. ഈ കാലഘട്ടങ്ങളിലെല്ലാം മനസ്സാക്ഷിക്ക് അനുസൃതമായി മാത്രമേ ചുമതലകള്‍ നിര്‍വഹിച്ചിട്ടുള്ളൂ എന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൈക്കോടതിയെ കുറിച്ച് പൊതുവില്‍ നല്ല അഭിപ്രായമാണ്. ഇതില്‍ ജീവനക്കാര്‍ക്ക് വലിയ പങ്കുണ്ട്. ജീവനക്കാരുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉറപ്പു നല്‍കിയ കാര്യങ്ങള്‍ നടപ്പായാല്‍ അത് ഗുണം ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സന്തോഷത്തോടെ പിരിയണമെന്നാണ് കരുതിയിരുന്നതെന്ന് വിരമിക്കുന്ന ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ പറഞ്ഞു. പക്ഷേ, കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ വിഷമമുണ്ടാക്കി. മഹത്തായ ഹൈക്കോടതിയെയും ജഡ്ജിമാരെയും അല്‍പ്പന്‍മാരായ ചില വ്യക്തികള്‍ അവഹേളിക്കാന്‍ ശ്രമിച്ചു എന്നാണ് വിശ്വസിക്കുന്നത്. അല്‍പ്പന്‍മാരായ ചിലര്‍ ജഡ്ജിയായതാണ് കാരണം. കോടതിക്കും ജഡ്ജിമാര്‍ക്കും എതിരേ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ ജീവനക്കാര്‍ മുന്‍കൈയെടുക്കണം. സ്ഥാപനത്തിന് ഹാനി വരുന്ന ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല. നാളെ നടക്കാനിരിക്കുന്ന ഫുള്‍കോര്‍ട്ട് റഫറന്‍സ് സംബന്ധിച്ച പ്രസംഗം ഇതിനകം അഞ്ചുതവണ മാറ്റിയെഴുതി. പറയാനുള്ളത് നാളെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.  കഴിഞ്ഞദിവസം ന്യായാധിപ പദവിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് കെമാല്‍ പാഷ ചീഫ് ജസ്റ്റിസിനെതിരേയും ജഡ്ജിമാരുടെ പുതിയ പട്ടികയില്‍ കടന്നുകൂടിയിരിക്കുന്നവര്‍ക്കെതിരേയും തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജ. പി എന്‍ രവീന്ദ്രന്റെ വിമര്‍ശനം.
Next Story

RELATED STORIES

Share it