Idukki local

പ്രവര്‍ത്തനം വഴിമുട്ടി വാഗമണ്‍ പോലിസ് സ്റ്റേഷന്‍

സ്വന്തം പ്രതിനിധി

വാഗമണ്‍: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വീര്‍പ്പുമുട്ടി പോലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നു. രണ്ട് വനിത കോണ്‍സ്റ്റബിള്‍മാരടക്കം 29 പോലിസുകാരുള്ള സ്റ്റേഷനില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. വാഗമണ്ണില്‍ പോലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച് 4 വര്‍ഷം പിന്നിടുമ്പോഴും സ്റ്റേഷന്റെ അവസ്ഥയ്ക്ക് യാതൊരു മാറ്റവുമുണ്ടാക്കിയിട്ടില്ല. പഞ്ചായത്ത് വാടകയ്ക്ക് നല്‍കിയ കെട്ടിടത്തിലാണ്  പോലിസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വകുപ്പുമേധാവികള്‍ മെല്ലേപ്പോക്ക് നയം സ്വീകരിക്കുന്നതിനാല്‍  വീര്‍പ്പുമുട്ടി കഴിയുകയാണ് പോലിസുകാര്‍. ഒഴിവു സമയങ്ങളില്‍ വിശ്രമിക്കാന്‍ പോലും ഇടമില്ല. വനിത ജീവനക്കാരടക്കം പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത് സമീപത്തായുള്ള വീടുകളിലും മറ്റുമാണ്. ലോക്കപ്പ് സൗകര്യം ഇല്ലാത്തതിനാല്‍ പിടികൂടി കൊണ്ടുവരുന്ന പ്രതികള്‍ക്കു ചുറ്റും ഉറങ്ങാതിരുന്നാണ് പോലിസുകാര്‍ നേരം വെളുപ്പിക്കുന്നത്. നിരവധി നിവേദനങ്ങള്‍ക്കും പരാധിള്‍ക്കുമൊടുവിലാണ് വാഗമണ്ണിനു പോലിസ് സ്റ്റേഷന്‍ ലഭിച്ചത് ലഭിച്ച പോലിസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പോലിസുകാര്‍ക്ക് ദുരിതം മാത്രമാണ് അവശേഷിക്കുന്നത്. സ്റ്റേഷന്‍ ചുമതലയുള്ള എസ് ഐ റിട്ടയേര്‍ഡ് ആയിട്ടും പകരം നിയമനവും നടത്തിയിട്ടില്ല. പോലിസ് സ്റ്റേഷനുകളുടെ ചുമതല സിഐയ്ക്കാണെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് എത്തിയതോടെയാണ് പുതിയ എസ്‌ഐ നിയമനവും അനിശ്ചിതത്വത്തിലായത്. 29  ജീവനക്കാര്‍ ഉണ്ടെങ്കിലും പരിമിതികള്‍ക്ക് നടുവില്‍ നിന്നും സേവനം നടത്തേണ്ട ഗതികേടിലാണിവര്‍. ജില്ലയിലെ പ്രധാന ടൂറിസം മേഖലയായതിനാല്‍ തന്നെ പോലിസിന്റെ സേവനവും അത്യന്താപേക്ഷിതമാണ്. 24 മണിക്കൂറും ജനങ്ങളുടെ സുരക്ഷയ്ക്കായി മറ്റും നിയമപാലനം നടത്തുന്നവര്‍ക്ക് ആകട്ടെ ഇപ്പോഴും പരിമിതികള്‍ മാത്രമാണുള്ളത്. വാഗമണ്ണില്‍ പുതിയ പോലിസ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നുവെന്ന ബഡ്ജറ്റിലെ പ്രഖ്യാപനവും ഇപ്പോള്‍ ഫയലില്‍ തന്നെയാണ്. പോലിസ് സ്റ്റേഷന്റെ പുരോഗതിക്കായും ജീവനക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍  ഒരിക്കല്‍ നല്‍കുന്നതിനും ജനപ്രതിനിധികളും കാര്യമായ ഇടപെടല്‍ നടത്തുന്നില്ല എന്നതാണ് വാസ്തവം.
Next Story

RELATED STORIES

Share it