thrissur local

പ്രവര്‍ത്തനം നിലച്ചിട്ട് മൂന്നു വര്‍ഷം: ബയോഗ്യാസ് പ്ലാന്റ് നാശത്തില്‍

മാള: ഗ്രാമപഞ്ചായത്തിലെ ആധുനിക മത്സ്യ മാംസ വില്‍പ്പന കേന്ദ്രത്തോട് ചേര്‍ന്ന് നാല്  വര്‍ഷം മുന്‍പ് സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ്  ഏറെ കാലമായി പ്രവര്‍ത്തന രഹിതമായതിനാല്‍  നാശോന്‍മുഖമാകുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച്  നിര്‍മിച്ച പഞ്ചായത്ത് ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും  അറ്റകുറ്റപ്പണി നടത്തി തകരാര്‍ പരിഹരിക്കുന്നതിനായി നടപടികള്‍ ഉണ്ടായിട്ടില്ല.
പ്രവര്‍ത്തന രഹിതമായ ബയോഗ്യാസ് പ്ലാന്റിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് തുടരുന്നതിനാല്‍ ഈപ്രദേശത്ത് ദുര്‍ഗ്ഗന്ധം പരക്കുന്നതോടൊപ്പം കൊതുകുകളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയുമാണ്. പത്ത് ലക്ഷം രൂപ ചിലവഴിച്ച് സ്ഥാപിച്ച രണ്ട് ബയോഗ്യാസ് പ്ലാന്റുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഗ്യാസ് ഉപയോഗിച്ചാണ് ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നത്.
മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ മാലിന്യം കത്തിച്ച് കളയേണ്ട ആവശ്യത്തിനായിട്ടാണ് ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള ഗ്യാസ് ഉപയോഗിച്ചിരുന്നത്. കൂടാതെ സമീപത്തെ വീട്ടുകാര്‍ക്കും മറ്റും പ്ലാന്റില്‍ നിന്നുമുള്ള ബയോഗ്യാസ് വിതരണം ചെയ്യാനുള്ള പദ്ധതിയും ഇവയുടെ വിഭാവന സമയത്തുണ്ടായിരുന്നു. ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി വീടുകളിലേക്കുള്ള പൈപ്പുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ പിന്നീട് യാതൊരു നീക്കവും നടക്കാത്തതിനാല്‍ കമ്മീഷന്‍ തട്ടാനുള്ള നീക്കം മാത്രമായിരുന്നു ഇതെന്ന ആക്ഷേപവും അന്ന് മുതലേ ഉയരുന്നുണ്ട്.
ആധുനിക മത്സ്യ മാംസ മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങളാണ് ബയോഗ്യാസ് പ്ലാ ന്റില്‍ നിക്ഷേപിച്ചിരുന്നത്. നിശ്ചിത അളവില്‍ കൂടുതല്‍  മാലിന്യം നിക്ഷേപിച്ചതോടെയാണ് ബയോഗ്യാസ് പ്ലാന്റ് തകരാറിലായത്.
പുറത്ത് നിന്നുള്ളവരും മാലിന്യം ഇവിടെ കൊണ്ട് വന്ന് തള്ളിയതാണ് പ്ലാന്റ് തകരാറിലാകാന്‍കാരണമെന്നാണ് മാര്‍ക്കറ്റിലുള്ളവര്‍ പറയുന്നത്. ബയോഗ്യാസ് പ്ലാന്റിന്റെ തകരാര്‍ തീര്‍ത്ത് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി താല്‍പര്യം കാണിക്കുന്നില്ലെന്ന പരാതിയുണ്ട്. അറ്റകുറ്റപ്പണി നടത്തി പ്ലാന്റ് നന്നാക്കാന്‍ മെക്കാനിക്കുകളെ കിട്ടാനില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള  വിശദീകരണം.
Next Story

RELATED STORIES

Share it