Flash News

പ്രവര്‍ത്തക പങ്കാളിത്തമില്ലാതെ എബിവിപി അഖിലേന്ത്യാ റാലി



തിരുവനന്തപുരം: എബിവിപിയുടെ നേതൃത്വത്തിലുള്ള ചലോ കേരള പരിപാടിക്കു സമാപനം കുറിച്ചു തിരുവനന്തപുരത്ത് സംഘടിപ്പിച്ച അഖിലേന്ത്യാ റാലിയില്‍ പ്രവര്‍ത്തക പങ്കാളിത്തം വളരെ കുറഞ്ഞു. അഭിമാനമാണ് കേരളം, ഭീകരമാണ് മാര്‍ക്‌സിസം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് റാലി സംഘടിപ്പിച്ചത്. കേരളത്തില്‍ നിന്ന് 50,000 പ്രവര്‍ത്തകരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 50,000 പേരും പങ്കെടുക്കുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍, കേരളത്തില്‍ നിന്നു നാലായിരത്തോളവും  മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പതിനായിരത്തോളവും  പേര്‍ മാത്രമാണ് എത്തിയത്. സംസ്ഥാനങ്ങളുടെ ബാനര്‍ പ്രത്യേകം പിടിച്ചായിരുന്നു അതത് സംസ്ഥാനത്തുള്ളവര്‍ അണിനിരന്നത്. അതില്‍ തന്നെ ഏഴോ എട്ടോ സംസ്ഥാനങ്ങളുടെ ബാനര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചില സംസ്ഥാനങ്ങളില്‍ പ്രാതിനിധ്യം നാമമാത്രമായി. സ്ത്രീ പങ്കാളിത്തവും നന്നേ കുറവായിരുന്നു. റാലിയുടെ മുന്‍നിരയുടെ തൊട്ടുപിന്നിലായി അണിചേര്‍ന്ന ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ വനിതകളടക്കം അഞ്ഞൂറില്‍ താഴെ പേര്‍ മാത്രമാണുണ്ടായത്. കേരളത്തില്‍ നിന്നുള്ളവരെ പ്രത്യേകം അണിനിരത്താനും സംഘാടകര്‍ക്കായില്ല. പ്ലോട്ടുകളോ നിശ്ചലദൃശ്യങ്ങളോ ഉണ്ടായിരുന്നില്ല. പലയിടത്തും ആര്‍എസ്എസ്, പോഷക സംഘടനാ പ്രവര്‍ത്തകരാണ് വോളന്റിയര്‍മാരായത്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രകടനം പിഎംജി ജങ്ഷനില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടേത് മ്യൂസിയം പരിസരത്തു നിന്നും ആരംഭിച്ചു. രാവിലെ 10.30നു മാര്‍ച്ച് തുടങ്ങുമെന്നു പറഞ്ഞിരുന്നെങ്കിലും ഏറെ വൈകിയാണ് ആരംഭിച്ചത്.   ആയുര്‍വേദ കോളജ് ജങ്ഷനില്‍ യാത്രക്കാരെ പ്രവര്‍ത്തകര്‍ തടഞ്ഞത് വാക്തര്‍ക്കത്തിനു കാരണമായി. അതിനിടെ തിരുവനന്തപുരം സംസ്‌കൃത കോളജില്‍ നിന്നു റാലിക്കു നേരെ കല്ലേറുണ്ടായി. ഇതോടെ, റാലിയില്‍ പങ്കെടുത്തവരും തിരിച്ചു കല്ലെറിഞ്ഞു.  കല്ലേറിനു പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് എബിവിപി ആരോപിച്ചു.  എസ്എംവി സ്‌കൂളിനു നേരെ   കൊടികമ്പുകളെറിഞ്ഞും  എബിവിപി പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചു. സമ്മേളന നഗരിയിലും എസ്എഫ്‌ഐ കല്ലെറിഞ്ഞതിനെതിരേ പരാമര്‍ശമുണ്ടായി. കേരളത്തില്‍ നിന്നുള്ളവരുടെ പ്രകടനം ദേശീയ അധ്യക്ഷന്‍ നാഗേഷ് ഠാക്കൂറും മറ്റുള്ളവരുടേത് ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്രേയും നയിച്ചു. പാളയം, സ്റ്റാച്യു വഴി പ്രകടനം പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന്, സമ്മേളനം ദേശീയ പ്രസിഡന്റ് നാഗേഷ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്രേ, മുന്‍ ജന. സെക്രട്ടറി ശ്രീഹരി ബോറിക്കര്‍, ആര്‍എസ്എസ് നേതാവ് സി സദാനന്ദന്‍, ഡല്‍ഹി സര്‍വകലാശാല യൂനിയന്‍ സെക്രട്ടറി മഹാമേധ നാഗര്‍, ആശിഷ് ചൗഹാന്‍, പശ്ചിമബംഗാളില്‍ നിന്നുള്ള എബിവിപി ദേശീയ സെക്രട്ടറി കിഷോര്‍ ബര്‍മനന്‍, ജെഎന്‍യുവിലെ എബിവിപി നേതാവ് നിതി ത്രിപാഠി, ദേശീയ സെക്രട്ടറി ഒ നിധീഷ്, സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ് സംസാരിച്ചു.
Next Story

RELATED STORIES

Share it