Flash News

പ്രവര്‍ത്തകരുടെ എതിര്‍പ്പ് : ബീഫ് വിലക്ക് പാടില്ലെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വം



ന്യൂഡല്‍ഹി: കന്നുകാലി കശാപ്പ് നിയന്ത്രിക്കുന്നതു സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കള്‍. അസം, അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി അധ്യക്ഷന്‍മാരാണ് ബീഫ് വിഷയത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനോടുള്ള എതിര്‍പ്പ് അറിയിച്ചത്. ബീഫുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. അടുത്തയാഴ്ച അമിത്ഷാ ഈ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്താനിരിക്കുകയാണ്. വിജ്ഞാപനത്തില്‍ ഭേദഗതിയാവശ്യമാണെന്ന് അസം ബിജെപി അധ്യക്ഷന്‍ രന്‍ജീത് കുമാര്‍ ദാസ് പറഞ്ഞു.  കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളില്‍ നാഗാ ജനതയ്ക്ക് ആശങ്കയുണ്ടെന്നും ഇത്തരം നടപടികള്‍മൂലം ബിജെപി നാഗാ ജനതയുടെ സംസ്‌കാരത്തിന് എതിരാണെന്ന തോന്നലുണ്ടാക്കുമെന്നും നാഗാലാന്‍ഡ് ഘടകം അധ്യക്ഷന്‍ വിസലൂയ് ലൊംങൂ പറഞ്ഞു. ബീഫ് വിഷയത്തില്‍ മേഘാലയയില്‍ നിന്നുള്ള രണ്ടു മുതിര്‍ന്ന നേതാക്കള്‍ അടുത്തിടെ പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുകയും നിരവധി പ്രവര്‍ത്തകര്‍ രാജിഭീഷണി മുഴക്കുകയും ചെയ്തിട്ടുമുണ്ട്. ശനിയാഴ്ച മേഘാലയയില്‍ ഒരുവിഭാഗം ബിജെപി നേതാക്കള്‍ ബീഫ് ഫെസ്റ്റ് നടത്താനിരിക്കെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. മാട്ടിറച്ചി കഴിക്കുന്നത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലാ അധ്യക്ഷന്‍ ബച്ചു മരാഖും വെസ്റ്റ് ഗാരോ ഹില്‍സ് ബിജെപി അധ്യക്ഷന്‍ ബെര്‍ണാര്‍ഡ് മറാക്കുമാണ് രാജിവച്ചത്.കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ മാട്ടിറച്ചിക്കു നിരോധനമുള്ളതായി പറയുന്നില്ലെന്ന് അരുണാചല്‍ ബിജെപി അധ്യക്ഷന്‍ തമന്‍ ഗോവു വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങളുടെ ഭക്ഷണശീലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് അടുത്തിടെ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തെ അറിയിച്ചതായി മിസോറാം ഘടകം അധ്യക്ഷന്‍ ജെ വി ഹുല്‍നാ പറഞ്ഞു. ക്രൈസ്തവ വിശ്വാസികളായ ഞങ്ങള്‍ ബൈബിളില്‍ വിശ്വസിക്കുന്നുവെന്നും ഞങ്ങളുടെ ജീവിതരീതി മാറ്റാന്‍ ഞങ്ങള്‍ക്കു കിഴിയില്ലെന്നും ഞാന്‍ അമിത്ഷായെ അറിയിച്ചു. അപ്പോള്‍ നിങ്ങള്‍ ഇഷ്ടമുള്ളതു പോലെ ജീവിച്ചോളൂവെന്ന് അദ്ദേഹം പ്രതികരിച്ചെന്നും ജെ വി ഹുല്‍നാ അറിയിച്ചു.
Next Story

RELATED STORIES

Share it