പ്രവചനാതീതമായ ത്രികോണ മല്‍സരത്തിനൊരുങ്ങി നേമം

എം മുഹമ്മദ് യാസര്‍

തിരുവനന്തപുരം: ത്രികോണമല്‍സരത്തിന് അരങ്ങൊരുങ്ങുന്ന നേമത്ത് പ്രവചനങ്ങള്‍ അസാധ്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയ പോരാട്ടം നടക്കുന്ന നേമത്ത് മുന്നണികള്‍ക്ക് വിജയം അഭിമാനപ്രശ്‌നമാണ്. ഇടത് വലതു മുന്നണികള്‍ മാറിമാറി വിജയിച്ചിട്ടുള്ള നേമത്ത് ഇക്കുറി ബിജെപിക്കും വിജയപ്രതീക്ഷയുണ്ട്.
ഇടതു സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിക്ക് മണ്ഡലത്തില്‍ മൂന്നാം ഊഴമാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും വിജയിച്ച അദ്ദേഹം വികസന പ്രവര്‍ത്തനങ്ങളും ബിജെപിയുടെ വര്‍ഗീയതയും ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്. ഇത്തവണയും ബിജെപി സ്ഥാനാര്‍ഥിയായി ഒ രാജഗോപാലാണ്. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വോട്ടുവര്‍ധനയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് രാജഗോപാലിനെ ബിജെപി വീണ്ടും രംഗത്തിറക്കുന്നത്. സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് വിട്ട് ജനതാദളി(യു)ല്‍ എത്തിയ വി സുരേന്ദ്രന്‍ പിള്ളയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സുരേന്ദ്രന്‍ പിള്ളയ്ക്ക് മണ്ഡലത്തിലുള്ള ബന്ധങ്ങള്‍ വോട്ടാക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
പഴയ തിരുവനന്തപുരം ഈസ്റ്റ് നിയോജക മണ്ഡലത്തിന്റെ മുക്കാല്‍ ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് നേമം. രാഷ്ട്രീയമായും പഴയ തിരുവനന്തപുരം ഈസ്റ്റിന്റെ സ്വഭാവമാണ് മണ്ഡലത്തിനുള്ളത്. എന്‍എസ്എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന എന്‍ഡിപിക്ക് സ്വാധീനം ഉണ്ടായിരുന്ന മണ്ഡലമായിരുന്നു ഈസ്റ്റ്. 1980ല്‍ എന്‍ഡിപിയുടെ നീലകണ്ഠന്‍ നായരായിരുന്നു വിജയിച്ചത്. എന്നാല്‍ 82ല്‍ കോണ്‍ഗ്രസ്-എസിലെ ശങ്കരനാരായണ പിള്ള നീലകണ്ഠന്‍ നായരെ തോല്‍പിച്ച് മണ്ഡലത്തെ ഇടതുപാളയത്തില്‍ എത്തിച്ചു.
1987ല്‍ ഇടത് സ്ഥാനാര്‍ഥി കെ ശങ്കരനാരായണ പിള്ള വിജയിച്ചു. അന്ന് ഐക്യമുന്നണിയെ മറികടന്ന് ഹിന്ദുമുന്നണി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തി. 1991ല്‍ കോണ്‍ഗ്രസ്-ഐ സ്ഥാനാര്‍ഥി ബി വിജയകുമാറിലൂടെ ഐക്യമുന്നണി മണ്ഡലം തിരിച്ചുപിടിച്ചു. 96ലും 2001ലും വിജയിച്ച ബി വിജയകുമാര്‍ ഹാട്രിക് നേടി. രണ്ടു തവണയും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് കരകുളം കൃഷ്ണപിള്ളയായിരുന്നു. 2006ല്‍ മണ്ഡലം സിപിഎം ഏറ്റെടുത്തതോടെ ചിത്രം വീണ്ടും മാറി. 2006ല്‍ വി ശിവന്‍കുട്ടി 2276 വോട്ടിന് ബി വിജയകുമാറിനെ തോല്‍പിച്ചു. 2011ല്‍ ഈസ്റ്റ് എന്ന മണ്ഡലം തന്നെ ഇല്ലാതായി നേമം ആയപ്പോഴും വിജയം ശിവന്‍കുട്ടിക്ക് തന്നെയായിരുന്നു.
സാമുദായിക താല്‍പര്യങ്ങളും അടിയൊഴുക്കുകളും നിര്‍ണായകമായ മണ്ഡലത്തില്‍ നായര്‍ സമുദായമാണ് ഭൂരിപക്ഷം. ഏകദേശം 22 ശതമാനം. 18 ശതമാനം ഈഴവരും 10 ശതമാനം എസ്‌സി വിഭാഗക്കാരുമുണ്ട്. എന്നാല്‍, 20 ശതമാനമുള്ള മുസ്‌ലിം വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്.
Next Story

RELATED STORIES

Share it