kozhikode local

പ്രളയ ബാധിതര്‍ക്ക് ആശങ്ക വേണ്ട സര്‍ക്കാര്‍ ഒപ്പമുണ്ട്: മന്ത്രി രാമകൃഷ്ണന്‍

കോഴിക്കോട്: മഴക്കെടുതിയില്‍ നഷ്ടപ്പെട്ട രേഖകള്‍ സമയബന്ധിതമായി ലഭ്യമാക്കുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. കോഴിക്കോട് താലൂക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച മഴക്കെടുതിയില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായുള്ള അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്‍കാന്‍ സാധിക്കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളും അദാലത്തില്‍ നല്‍കും. സാധിക്കാത്തവ ഒരു നിശ്ചിത സമയത്തിനുള്ളില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ ഭയപ്പെടേണ്ടതില്ലെന്നും അര്‍ഹതയുള്ള എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളികളാവണമെന്നും മന്ത്രി പറഞ്ഞു. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എ കെ ശശീന്ദ്രന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, എംഎല്‍എമാരായ വി കെ സി. മമ്മദ് കോയ, എ പ്രദീപ് കുമാര്‍, എം കെ മുനീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡിഎംഒ ഡോ. വി ജയശ്രീ, സബ് ജഡ്ജ് എം പി ജയരാജ് സംബന്ധിച്ചു.ട്രോമകെയര്‍ 12.8 ടണ്‍ സാധനം കൈമാറികോഴിക്കോട്: ട്രോമകെയര്‍ കോഴിക്കോട് (ട്രാക്ക്) മുഖാന്തിരം ദുരിതബാധിതരെ സഹായിക്കാന്‍ ഗള്‍ഫില്‍ നിന്ന് വന്ന സാധനങ്ങള്‍ ജില്ലാ കലക്ടര്‍ യു വി ജോസിന് കൈമാറി. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അഡി. തഹസില്‍ദാര്‍ ഇ അനിതകുമാരി, ട്രോമാകെയര്‍ കോഴിക്കോട് പ്രസിഡണ്ട് അഡ്വ. പ്രദീപ്കുമാര്‍, സി എം, ട്രോമാകെയര്‍ കോഴിക്കോട് പാട്രണ്‍ ആര്‍ ജയന്ത് കുമാര്‍, അബുദാബി യുനിവേര്‍സല്‍ ഹോസ്പിറ്റല്‍ പ്രതിനിധി ജംഷാസ് മുഹമ്മദ്, ട്രോമാകെയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ടി എസ് വെങ്കിടാചലം, മഹീന്ദ്ര ലിമ്പാച്ചിയ പങ്കെടുത്തു. കോഴിക്കോട് സ്വദേശിയായി അബുദാബി യുനിവേര്‍സല്‍ ഹോസ്പിറ്റല്‍ എംഡി ഡോ ഷബീര്‍ നെല്ലിക്കോട്, ട്രോമാകെയര്‍ കോഴിക്കോട് എക്‌സിക്യൂട്ടീവ് മെമ്പര്‍ ഇ കെ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുഎഇ ദുബായ്, അബുദാബി എന്നിവിടങ്ങളിലുളള വിവിധ സന്നദ്ധ സംഘടനകളില്‍ നിന്നും സാധനങ്ങള്‍ ശേഖരിച്ചത്. 445 ബോക്‌സുകളിലായി 12.8 ടണ്‍ സാധനങ്ങളാണ് കോഴിക്കോട് എത്തിച്ച് കലക്ടര്‍ക്ക് കൈമാറിയത്. വസ്ത്രങ്ങള്‍, കമ്പിളി പുതപ്പുകള്‍, ഭക്ഷണസാധനങ്ങള്‍, ഔഷധങ്ങള്‍ തുടങ്ങിവയാണ് ബോക്‌സുകളില്‍ എത്തിച്ചത്.വെന്റിലേറ്ററുകള്‍ നല്‍കികോഴിക്കോട് : മെഡിക്കല്‍ കോളജില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ജില്ലാ പഞ്ചായത്ത് തീവ്രപരിചരണ വിഭാഗത്തിലേക്ക് രണ്ട് വെന്റിലേറ്ററുകള്‍ അനുവദിച്ചു. ഇതിന്റെ രേഖകള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍ രാജേന്ദ്രന് കൈമാറി. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

Next Story

RELATED STORIES

Share it