thrissur local

പ്രളയ ബാധിതര്‍ക്കുള്ള ഫണ്ട്: രാഷ്ട്രീയ മുതലെടുപ്പ് വ്യാപകം

ഒരുമനയൂര്‍: പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ ഒരുമനയൂര്‍ പഞ്ചായത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് വ്യാപകം. ഇതേചൊല്ലി എല്‍ഡിഎഫ്-യുഡിഎഫ് തര്‍ക്കം പതിവായി.
കഴിഞ്ഞ ദിവസം പത്താം വാര്‍ഡിലെ പ്രളയ ബാധിത വീടുകളില്‍ കയറിയിറങ്ങി സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതിന് കാരണം വാര്‍ഡിലെ ബിഎല്‍ഒയുടെ പിടിപ്പുകേടാണെന്ന് പറഞ്ഞ് നാട്ടുകാരില്‍ നിന്നും സിപിഎം പ്രവര്‍ത്തകയും മറ്റൊരു വാര്‍ഡിലെ ബിഎല്‍ഒയും ചേര്‍ന്ന് വിവിധ രേഖകള്‍ ശേഖരിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പത്താം വാര്‍ഡിലെ ബിഎല്‍ഒ പ്രളയബാധിതരുടെ മുഴുവന്‍ വിവരങ്ങളും രേഖകളും തഹസില്‍ദാര്‍ക്ക് കൈമാറിയിട്ടുണ്ട്.
ഇതു സംബന്ധിച്ച വിവരങ്ങള്‍ തഹസില്‍ദാര്‍ സ്വീകരിക്കുന്നില്ല എന്നാണ് വിവരമെന്നും ആ ബൂത്തുമായോ പത്താം വാര്‍ഡുമായോ ഒരു ബന്ധവുമില്ലാത്ത ബിഎല്‍ഒ പ്രളയബാധിതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നുമാണ് യുഡിഎഫ് ആരോപണം. ഇതിനിടെ ഫയലുകള്‍ സ്വീകരിക്കാനെത്തിയ ബിഎല്‍ഒയെ ചോദ്യം ചെയ്‌തെന്നാരോപിച്ച് സിപിഎം നേതാവ്, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് താഹിറിനെ ഫോണില്‍ വിളിച്ചു അസഭ്യം പറയുകയും വീട്ടില്‍ കയറി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുണ്ട്.
വില്ലേജ് ഓഫീസറോ പഞ്ചായത്തോ അറിയാതെ ഇടതുപക്ഷ സഹയാത്രികയായ ബിഎല്‍ഒ നടത്തിയ വിവരശേഖരണത്തിനെതിരേ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. ഈ ബിഎല്‍ഒക്കെതിരെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് സ്ഥലം ബൂത്ത് ലെവല്‍ ഓഫിസറും പറഞ്ഞു.
എന്നാല്‍, സിഡിഎസ് അംഗം എന്ന നിലയിലാണ് ബിഎല്‍ഒ അവിടെ ചെന്നതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ലഭിച്ചവര്‍ക്ക് കുടുംബശ്രീയുടെ കീഴില്‍ ഒരു ലക്ഷം രൂപ ലോണ്‍ ലഭിക്കുന്നുണ്ടെന്നും ഈ വിവരം നല്‍കുന്നതിനാണ് പത്താം വാര്‍ഡിലെത്തിയത്. ഇതില്‍ വിറളിപൂണ്ട ചില യുഡിഎഫ് പ്രവര്‍ത്തകര്‍ അവരെ തടയുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തതെന്നും സിപിഎം ആരോപിച്ചു.

Next Story

RELATED STORIES

Share it