ernakulam local

പ്രളയ ബാധിതരെ സഹായിക്കുന്നതിനായി ജില്ലയിലെ ബസുകള്‍ സര്‍വീസ് നടത്തി

കൊച്ചി: പ്രളയക്കെടുതിയില്‍ സഹായധനം സമാഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഇന്നലെ സര്‍വീസ് നടത്തി. ടിക്കറ്റ് ഒഴിവാക്കി പകരം ദുരിതാശ്വാസ നിധിയിലേക്കുള്ള ബക്കറ്റ് പിരിവാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസുകളില്‍ നടത്തിയത്. സംസ്ഥാനത്തൊട്ടാകെ 9,500 ഓളം ബസുകള്‍ ഇതില്‍ പങ്കെടുത്തു. എറണാകുളം ജില്ലയില്‍ മാത്രം 1110 ബസുകളാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായത്തിനായി ഇന്നലെ നിരത്തിലിറങ്ങിയത്. കോതമംഗലം,അങ്കമാലി,പറവൂര്‍,പെരുമ്പാവൂര്‍,മുവാറ്റുപുഴ,പിറവം തുടങ്ങിയ 10 യൂണിറ്റുകളുടെ നേതൃത്വത്തിലാണ് കാരുണ്യയാത്ര നടത്തിയത്. നഗരത്തില്‍ മാത്രം 370 ബസുകള്‍ കാരുണ്യ യാത്രയില്‍ പങ്കാളികളായി. ആലുവ, ചിറ്റൂര്‍, എളമക്കര, കൊച്ചി എന്നിവിടങ്ങളിലാണ് നഗരത്തിലെ പ്രധാന സര്‍വ്വീസുകള്‍. കാക്കനാട് മേഖലയില്‍ 64 ബസുകള്‍ സര്‍വീസ് നടത്തി. ടിക്കറ്റില്ലാതെയാണ് ഇന്നലെ ബസ് സര്‍വ്വീസ് നടത്തിയത്. യാത്രക്കാരുടെ കൈയ്യില്‍ നിന്നും പണം ബക്കറ്റില്‍ സ്വീകരിക്കുകയാണ് ഓരോ ബസിലും ചെയ്തത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്‍സെഷന്‍ ഒഴിവാക്കി കാരുണ്യയാത്രയില്‍ പങ്കാളികളായി. ലഭിച്ച തുകയില്‍ ഒരു ദിവസത്തെ ചിലവ് തുക കിഴിച്ചുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നിവയൊഴികെ മറ്റെല്ലാ ജില്ലകളിലും ഫെഡറേഷന്റെ കീഴില്‍ സര്‍വീസ് നടത്തുന്ന ബസുകളാണ് ഫണ്ട് ശേഖരണം നടത്തിയത്. കഴിഞ്ഞ ദിവസം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും ഇതേ മാതൃകയില്‍ പണം ശേഖരിച്ചിരുന്നു. റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ എത്താത്തതിനെ തുടര്‍ന്ന് സര്‍വീസ് നടത്താന്‍ കഴിയാത്തതിനാലാണ് ഇടുക്കിയെ ഒഴിവാക്കിയത്. ഇടുക്കിയില്‍ 162 ബസുകള്‍ സര്‍വീസ് നടത്താനാകാതെ കയറ്റിയിട്ടിരിക്കുയാണ്.

Next Story

RELATED STORIES

Share it