kozhikode local

പ്രളയ ധനസഹായം വര്‍ധിപ്പിക്കണം: താലൂക്ക് വികസന സമിതി

വടകര: പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള ധനസഹായത്തില്‍ വര്‍ധന വേണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ വീട് പൂര്‍ണമായി നശിച്ചവര്‍ക്ക് നാല് ലക്ഷവും ഭാഗികമായി നാശം സംഭവിച്ചവര്‍ക്ക് 35,000 രൂപയുമാണ് ധനസഹായം ലഭിക്കുക. താലൂക്കില്‍ 276 വീടുകള്‍ പൂര്‍ണമായും 960 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നിലവിലുള്ള മാനദണ്ഡം അനുസരിച്ച് ധനസഹായ വിതരണ നടപടി തുടങ്ങിയതായി തഹസില്‍ദാര്‍ ടി കെ സതീഷ്‌കുമാര്‍ യോഗത്തെ അറിയിച്ചു.കനത്ത മഴയില്‍ കുറ്റിയാടി ചുരത്തിന്റെ തകര്‍ച്ച മൂലം വയനാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതിനാല്‍ വിലങ്ങാട്പാനോം വയനാട് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. മഴയില്‍ തകര്‍ന്ന എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ കോണ്‍വെന്റ് മുതല്‍ പഴയ സ്റ്റാന്റ് വരെയുള്ള ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനമായി. ഫുഡ് സേഫ്റ്റി വിഭാഗം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനെ ചൊല്ലി വിമര്‍ശനമുയര്‍ന്നു. അടുത്ത യോഗത്തില്‍ ഇവരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി കെ രാജന്‍, എ ടി ശ്രീധരന്‍, അഹമ്മദ് പുന്നക്കല്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ അന്നമ്മ ജോര്‍ജ് (കാവിലുംപാറ), ഇ ടി അയൂബ് (അഴിയൂര്‍), വി കെ അബ്ദുള്ള (വേളം), എ കെ നാരായണി(നരിപ്പറ്റ), വികസനസമിതി അംഗങ്ങളായ പി സുരേഷ്ബാബു, പ്രദീപ് ചോമ്പാല, ആവോലം രാധാകൃഷ്ണന്‍, ടി പി ബാലകൃഷ്ണന്‍, കളത്തില്‍ ബാബു, സി കെ കരീം, പി അച്ചുതന്‍, ടി വി ഗംഗാധരന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it