പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജ് വേണം: കാനം രാജേന്ദ്രന്‍

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി പ്രത്യേക പാക്കേജ് വേണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പറവൂരിലെ പ്രളയ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിദുരന്തങ്ങള്‍ക്ക് കേന്ദ്രം നീക്കിവയ്ക്കുന്ന ഫണ്ട് തീരെ അപര്യാപ്തമാണ്. അതുകൊണ്ടു തന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നു തുക ചേര്‍ത്ത് വീട് നഷ്ടപെട്ടവര്‍ക്കും ഭൂമിയില്ലാത്തവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ദുരന്തത്തെ നേരിടുന്നതില്‍ കക്ഷിഭേദമന്യേ എല്ലാവര്‍ക്കും ഒരു അഭിപ്രായമാണ്. പ്രതിപക്ഷം എന്ന രീതിയില്‍ ഉണ്ടായിട്ടുള്ള വിമര്‍ശനങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ല. ഡാം തുറന്നതു സംബന്ധിച്ച ആരോപണങ്ങളും കഴമ്പില്ലാത്തതാണെന്നു കാനം പറഞ്ഞു.
വനത്തില്‍ ഉരുള്‍പൊട്ടുന്നതെങ്ങനെ എന്ന തരത്തില്‍ ചില എംഎല്‍എമാര്‍ വാദഗതികള്‍ ഉന്നയിക്കുന്നത് അവര്‍ക്ക് ശാസ്ത്രീയമായുള്ള ധാരണയുടെ കുറവുമൂലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പ്രളയം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചില എംഎല്‍എമാര്‍ നടത്തിയ പരാമര്‍ശം സംബന്ധിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതുകൊണ്ടാണ് അവര്‍ അത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. സമുദ്രത്തിലെങ്ങനെയാണ് മഴയുണ്ടാവുന്നതെന്നു പണ്ട് സീതിഹാജി ചോദിച്ചതുപോലെയാണിത്. ഇത്തരത്തില്‍ ചോദ്യം ചോദിക്കുന്നവരുടെ ശാസ്ത്രീയ ബോധം എത്രത്തോളം ഉണ്ടെന്നു ജനങ്ങള്‍ കണക്കാക്കും എന്നല്ലാതെ താനതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കാനം പറഞ്ഞു. പരിസ്ഥിതി നയം സംസ്ഥാനത്ത് ആവശ്യമല്ലേയെന്ന ചോദ്യത്തിന് അത്തരത്തില്‍ ഒരു നയം വേണമെന്നതു സംബന്ധിച്ച് എല്ലാവരും ഒരുപോലെ ചിന്തിക്കുമോ എന്നായിരുന്നു കാനം ചോദിച്ചത്. അത്തരത്തില്‍ നമ്മള്‍ക്ക് ആരെയും നിര്‍ബന്ധിക്കാന്‍ പറ്റില്ല. കേരളത്തിന്റെ പുനര്‍നിര്‍മാണം സംബന്ധിച്ച് ആലോചിക്കുന്നത് അതില്‍ തീരുമാനമെടുക്കുന്നത്, വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടുന്നത് എല്ലാം സംസ്ഥാന മന്ത്രിസഭ ഒരുമിച്ച് നിന്നുകൊണ്ടാണെന്നു ചോദ്യത്തിന് മറുപടിയായി കാനം രാജേന്ദ്രന്‍ പറഞ്ഞു. ദുരന്ത നിവാരണത്തിനു മുഖ്യമന്ത്രി ചെയര്‍മാനൂം റനവ്യൂ മന്ത്രി വൈസ് ചെയര്‍മാനുമായി സമിതിയുണ്ട്. അവര്‍ ആലോചിച്ച് ഉചിതമായ തീരുമാനം സമയാസമയങ്ങളില്‍ എടുക്കുമെന്നും കാനം പറഞ്ഞു.

Next Story

RELATED STORIES

Share it