പ്രളയ ദുരിതാശ്വാസം: ലോകബാങ്ക്, എഡിബി വായ്പ സ്വീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന പ്രധാന മേഖലകളുടെ പുനര്‍നിര്‍മാണത്തിന് ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) എന്നിവയുടെ വായ്പ സ്വീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം. ലോകബാങ്ക്, എഡിബി, മറ്റ് ഉഭയകക്ഷി ഫണ്ടിങ് ഏജന്‍സികള്‍, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍ നിന്ന് വായ്പ മുഖേന 15,900 കോടി രൂപ സമാഹരിക്കുന്നതിനാണ് തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും.
റോഡുകള്‍, ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, തീരദേശ സംരക്ഷണം, ആരോഗ്യമേഖല, പരിസ്ഥിതി സംരക്ഷണം മുതലായ മേഖലകള്‍ക്കുവേണ്ടിയാണ് തുക വിനിയോഗിക്കുക. ഇതിനെല്ലാം കൂടി 15,882 കോടി രൂപയുടെ ചെലവിനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.
ലോകബാങ്ക്-എഡിബി സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തി തയ്യാറാക്കിയ അന്തിമ റിപോര്‍ട്ട് ഒക്ടോബര്‍ ആദ്യവാരത്തില്‍ ലഭ്യമാവും. പ്രാഥമിക റിപോര്‍ട്ട് പ്രകാരം പ്രധാന മേഖലകള്‍ക്കുണ്ടായ നഷ്ടം 25,050 കോടി രൂപയാണ്. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഏറ്റെടുത്തു നടത്താനാവുന്ന വിവിധ പദ്ദതികള്‍ ഓരോ വകുപ്പും രണ്ടാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കും.
അതേസമയം, അറ്റകുറ്റപ്പണികള്‍ക്കും പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും ഭീമമായ തുക ചെലവിടേണ്ട സാഹചര്യം കണക്കിലെടുത്ത് വാര്‍ഷിക പദ്ധതി വിഹിതത്തില്‍ 20 ശതമാനം വരെ കുറവു വരുത്താനും മുന്‍ഗണനാ ക്രമീകരണം നടത്താനും തീരുമാനിച്ചു. എന്നാല്‍, കോളജ്-സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വിഹിതത്തില്‍ കുറവു വരുത്തില്ല. സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷിക വായ്പകള്‍ക്കും ക്ഷീര കാര്‍ഷിക വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കും. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി അംഗീകരിച്ച നിബന്ധനകള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് ഇതു നടപ്പാക്കുക.



Next Story

RELATED STORIES

Share it