പ്രളയ ദുരിതാശ്വാസം; കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ കമ്പനികളുടെ യോഗം വിളിച്ച് കലക്ടര്‍

കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ കമ്പനികളെ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്നതിനു മുന്നോടിയായി 30ഓളം കമ്പനികളുടെ യോഗം ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു. സ്മാര്‍ട്ട് സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍, കമ്പനികളുടെ സിഇഒമാര്‍, വാണിജ്യ മേധാവികള്‍ തുടങ്ങിയവരുമായിട്ടായിരുന്നു ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫറുല്ലയുടെ കൂടിക്കാഴ്ച.പ്രളയത്തിന്റെ കെടുതികള്‍ അവര്‍ക്കു മുന്നില്‍ വിവരിച്ച കലക്ടര്‍ പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സ്മാര്‍ട്ട് സിറ്റി കമ്പനികള്‍ പങ്കാളികളാവണമെന്ന് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതിനു പുറമെ ജനങ്ങളുടെ നിത്യജീവിതം സാധാരണ ഗതിയിലാക്കാന്‍ ജില്ലാ ഭരണകൂടം നടത്തുന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.ആയിരക്കണക്കിനു പേരാണ് പ്രളയത്തെ തുടര്‍ന്ന് ഭവനരഹിതരായതെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാട്ടി. വീടുകളുടെ പുനര്‍നിര്‍മാണത്തിനു സഹായിക്കാന്‍ കഴിവുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ സ്വയം മുന്നോട്ടു വരണം. സഹായ പദ്ധതികളില്‍ ഇരട്ടിപ്പ് വരാതിരിക്കാന്‍ ജില്ലാ ഭരണകൂടവുമായി സഹകരിച്ചായിരിക്കണം ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it