kozhikode local

പ്രളയ ദുരന്തം: രക്ഷാ പ്രവര്‍ത്തകരോട് മുഖം തിരിച്ച് വടകര നഗരസഭ; കൗണ്‍സില്‍ പ്രതിഷേധം

വടകര: കേരളത്തിന്റെ സൈന്യമെന്ന് മുഖ്യന്ത്രി വിശേഷിപ്പിച്ച, പ്രളയ ദുരന്തത്തില്‍ ജീവന്‍ പണയം വച്ച് രക്ഷാ പ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളികളെ കണ്ടില്ലെന്ന് നടിച്ച് വടകര നഗരസഭ. പ്രളയ ദുരന്തത്തില്‍ വടകരയില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് പോയവരെയും, കഴിഞ്ഞ ജൂണില്‍ സാന്‍ഡ്‌ബേങ്ക്‌സ് തീരത്ത് കടലില്‍ അപകടത്തില്‍ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന തൊഴിലാളികളെയും ആദരിക്കാന്‍ നഗരസഭ മാത്രം തയ്യാറല്ല. ഇത് പൊതുജനങ്ങളിലും, നഗരസഭ കൗണ്‍സിലിലും വ്യാപക പ്രതിഷേധത്തിന് കാരണമായി.
സാന്‍ഡ്‌ബേങ്ക്‌സില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ അഴിത്തല സ്വദേശികളായ തുരുത്തിമ്മല്‍ അഷ്‌റഫ്, റഹ്മത്ത് എന്നിവരെ കഴിഞ്ഞ ജൂണ്‍ 29ന് ചേര്‍ന്ന കൗണ്‍സിലാണ് ആദരിക്കാന്‍ തീരുമാനിച്ചത്.
അടുത്ത കൗണ്‍സിലില്‍ വിളിച്ചു വരുത്തി ആദരിക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍, അടുത്ത കൗണ്‍സില്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഒന്നും നടന്നില്ല. ജൂണില്‍ പയ്യോളി സ്വദേശികളായ മൂന്ന് പേരാണ് സാന്‍ഡ്‌ബേങ്ക്‌സ് തീരത്ത് അപകടത്തില്‍ പെട്ടത്. ഇതില്‍ ഒരാള്‍ മരണപ്പെടുകയും രണ്ടു പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം നടത്തിയത് ഇവരുടെ വള്ളം ഉപയോഗിച്ചാണ്.
മുമ്പ് രണ്ട് തവണ അഴിത്തല സ്വദേശിയടക്കമുള്ള വിദ്യാര്‍ഥികള്‍ കടലില്‍ അകപ്പെട്ടപ്പോഴും ജീവന്‍ രക്ഷാ ദൗത്യത്തില്‍ ഇരുവരും സജീവ പങ്കാളികളായിരുന്നു. ചെറുതോണില്‍ പ്രതികൂല സാഹചര്യങ്ങലില്‍ പോലും മല്‍സ്യ ബന്ധനത്തിന് പോയിട്ടുള്ള പരിചയമാണ് ഇവര്‍ക്കുള്ളത്. അത് കൊണ്ട് തന്നെ ഇത്തരം ദുരന്തങ്ങളില്‍ കടലിനോട് എങ്ങിനെ പെരുമാറണമെന്ന കൃത്യമായി അറിയുന്ന ഈ സഹോദരങ്ങള്‍ ബധിരരും മൂകരുമാണ്. അതേസമയം വടകരയുടെ സമീപ പ്രദേശങ്ങളില്‍ പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയവരെ ജില്ലാ ഭരണകൂടം ആദരിച്ചിരുന്നു. നഗരസഭ പരിധിയില്‍ നിന്നും 12 പേരാണ് പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്വന്തം തദ്ദേശ സ്ഥാപനം ഇവരെ ആദരിക്കാന്‍ തയ്യാറാവാത്തതും കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
നഗരസഭയിലെ വിവിധ പ്രദേശവാസികളായ സിഎച്ച് ഇസ്മായില്‍, എംസി ജാഫര്‍, കണയംകുളത്ത് നൗഫല്‍, കുന്നുമ്മല്‍ ശംസു, പിപി റിയാസ്, കാഞ്ഞായി നസീര്‍ എന്നിവര്‍ പ്രളയദുരന്തത്തില്‍ ചാലക്കുടിയിലേക്ക് പോയും, യു നാസര്‍, മുനീര്‍ സേവന, പിപി അഷ്‌റഫ്, വി ഷഹാസ്, എ സഫ്‌നാസ്, എന്‍വി അന്‍വര്‍ എന്നിവര്‍ തിരുവള്ളൂര്‍ തുരുത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് സുരക്ഷിത മാര്‍ഗം ഒരുക്കിയുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ഇവര്‍ പല മേഖലയില്‍ നിന്നും ആദരവുകള്‍ ഏറ്റുവാങ്ങുകയാണ്. ഇവരോടും വടകര നഗരസഭ മുഖം തിരിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പലരും ചോദിക്കുന്നത്.

Next Story

RELATED STORIES

Share it