പ്രളയാനന്തര യുക്തിവിചാരങ്ങള്‍

നാട്ടുകാര്യം -  കുന്നത്തൂര്‍ രാധാകൃഷ്ണന്‍

പ്രളയജലമിറങ്ങി. പുനരധിവാസ പ്രക്രിയ ദ്രുതഗതിയില്‍ നടക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ദുരിതമകറ്റാന്‍ സംഭാവനകളെത്തുന്നു. മുഖ്യമന്ത്രി പിണറായി സന്ദര്‍ഭത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു. ദുരിതാശ്വാസ ക്യാംപുകളില്‍ സമാധാനത്തിന്റെ നിശ്വാസമുയരുന്നു. നൂറ്റാണ്ടിന്റെ പ്രളയം അതിജീവിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കേരളീയ ജനതയെന്ന് മഹാകുടിയന്‍മാര്‍ പോലും പറയുന്നു. ഈ ആശ്വാസനിശ്വാസങ്ങള്‍ക്കിടയില്‍ കഴിഞ്ഞദിവസങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണ് കോരന്‍ എന്ന ബഡാ മാധ്യമപ്രവര്‍ത്തകന്‍.
യുവകിങ്കരന്‍മാര്‍ കള്ളുകുടിച്ച് നൃത്തം വച്ച് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടയിലാണ് മഴയ്ക്കു തീവ്രത കൈവന്നത്. ഉരുള്‍പൊട്ടല്‍ കണ്ട് ഭയന്നിട്ടാണ് മന്ത്രി രാജു ജര്‍മനിയിലേക്കു പറന്നതെന്ന് ചില സിപിഐക്കാര്‍ പറയുന്നതില്‍ ന്യായമുണ്ടെന്നാണ് കോരന് തോന്നുന്നത്. ആരും ഭയന്നുപോവുന്ന സംഭവമുണ്ടായാല്‍ മന്ത്രി മാത്രം പ്രതികരിക്കരുത് എന്ന് പ്രതിപക്ഷം പറയുന്നതില്‍ എന്തു യുക്തി? അപ്പോള്‍ നിങ്ങള്‍ ചോദിക്കും, എല്ലാം യുക്തിയുടെ കണ്ണിലൂടെയാണ് നോക്കുന്നതെന്ന് പറയാമോ എന്ന്. കാലത്തിനനുസരിച്ച് യുക്തിയും മാറുന്നുവെന്ന് ചിന്തിക്കാവുന്നതാണ്. കാലക്രമത്തില്‍ അപ്പുക്കുറുപ്പും തിയ്യനാകും എന്നു പണ്ട് സുരാസു പറഞ്ഞതിന്റെ യുക്തിയെന്താകും?
ച്ചാല്‍, പ്രളയത്തെ തടുക്കാന്‍ നമുക്ക് യുക്തിപരമായ മാര്‍ഗമുണ്ടായിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനം ആകാമെന്ന് സുപ്രിംകോടതി പറഞ്ഞത് പ്രളയത്തെ ക്ഷണിച്ചുവരുത്താനായിരുന്നില്ലെങ്കില്‍ പിന്നെ എന്തിനായിരുന്നു? എം എ ബേബിയും കൂട്ടരും ബീഫ് ഫെസ്റ്റിവല്‍ നടത്തി, പ്രളയത്തിന് മൂര്‍ച്ചകൂട്ടാന്‍ നേരത്തേ പണിയൊപ്പിച്ചു. ആ നേരം തന്നെ കാര്‍മേഘങ്ങള്‍ പശ്ചിമഘട്ടത്തെ തട്ടാന്‍ ഉദ്ദേശിച്ചതാണ്. തല്‍ക്കാലം അത് വേണ്ടെന്നുവച്ചു എന്നത് മറ്റൊരു കാര്യമാണ്.
ഇതൊന്നും സഹിക്കാന്‍ കഴിയാത്ത ശ്രീരാമന്റെയും ശബരിമല ധര്‍മശാസ്താവിന്റെയും കണ്ണീരാണ് മക്കളേ പ്രളയമായി നമുക്ക് തോന്നിയത്. മലയാളികള്‍ കാര്യം മനസ്സിലാക്കി ബീഫ് തീറ്റ നിര്‍ത്തിയതിനാല്‍ ദൈവങ്ങള്‍ കണ്ണീര്‍ നിര്‍ത്തി. ഇല്ലെങ്കില്‍ നോഹയുടെ പെട്ടകക്കാലത്തെ കവച്ചുവയ്ക്കുമായിരുന്നു കേരള പ്രളയം.
കമ്മ്യൂണിസ്റ്റുകളുടെ ആധിക്യവും മാവോവാദികളുടെ ഭീഷണിയും പ്രളയത്തിന് പ്രചോദനമായിട്ടുണ്ട്. ധബോല്‍ക്കറും കല്‍ബുര്‍ഗിയും സ്വയം വെടിവച്ചുമരിച്ചിട്ടും യുക്തിചിന്ത പടരുന്നതിനു പിന്നിലെ ചെകുത്താന്‍ ആര്?
ചെങ്ങന്നൂരിലാണ് പ്രളയം ഏറ്റവും സംഹാരതാണ്ഡവമാടിയത്. അതിന്റെ കാരണമെന്തായിരിക്കാം? ഉപതിരഞ്ഞെടുപ്പില്‍ പിള്ളേച്ചനെ തോല്‍പ്പിച്ചതിന്റെ ശാപമല്ലേ അവിടത്തുകാര്‍ അനുഭവിക്കുന്നത് എന്ന് ചില പശുവാദികളെപ്പോലെ കോരനും സംശയിക്കുന്നുണ്ട്.
പ്രളയം ഹിന്ദുക്കളെ കാര്യമായി തീണ്ടിയിട്ടില്ല എന്ന് ചില ഉത്തരേന്ത്യന്‍ പശുവാദികള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ധനവാന്‍മാരായ അഹിന്ദുക്കള്‍ അവര്‍ ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചു; അത്രമാത്രം. അതുകൊണ്ടാണ് യുഎഇ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കരുത് എന്നു പറയുന്നത്. അത്ര നിര്‍ബന്ധമാണെങ്കില്‍ സേവാഭാരതി എന്ന മഹാസംഘടനയ്ക്ക് നല്‍കട്ടെ.
പ്രളയത്തിനിടയില്‍ പേടിച്ചുവിറച്ച് ജര്‍മനിയിലേക്ക് പറന്ന മന്ത്രി രാജുവിനെ തൂക്കിക്കൊല്ലാന്‍ സിപിഐ നേതൃത്വം തീരുമാനിക്കുമെന്ന് അശരീരിയുണ്ട്. ഒരു സാര്‍വദേശീയ സത്യപാര്‍ട്ടിയായതിനാല്‍ സിപിഐയില്‍ അതു സംഭവിക്കാനിടയുണ്ട്.
പ്രളയത്തെ അറബിക്കടലിലൊഴുക്കാന്‍ ഒത്തൊരുമയുണ്ടെങ്കിലും ഗാര്‍ഗില്‍ റിപോര്‍ട്ട് അത്ര മുന്തിയതാണെന്ന് പി സി ജോര്‍ജിന് അഭിപ്രായമില്ല. പരിസ്ഥിതി തകരുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടാവുന്നത് എന്നാണ് ഗാഡ്ഗില്‍ ധരിച്ചുവച്ചിരിക്കുന്നത്. അതു ശരിയാണെങ്കില്‍ കാട്ടില്‍ എങ്ങനെ ഉരുള്‍പൊട്ടി എന്നാണ് ജോര്‍ജിന്റെ ചോദ്യം. ഈ ചോദ്യത്തിന് ഗാഡ്ഗില്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിക്കു വാ തുറന്നുകൂടേ. പ്രളയത്തിനിടെ യേശുദാസ് പാടാന്‍ വരാതിരുന്നതെന്ത് എന്ന ജോര്‍ജിന്റെ ചോദ്യത്തിനും കാര്യമായ ഉത്തരം കിട്ടിയിട്ടില്ല.
പ്രളയമേ വാ വാ എന്ന് ഇടതു സര്‍ക്കാര്‍ വിളിച്ചുവരുത്തി എന്ന് ചെന്നിത്തല കണ്ടുപിടിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പ് കള്ളുകുടിച്ച് അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഒന്നിച്ചു തുറന്നതും അന്വേഷണവിധേയമാക്കണം. അവിവേകം ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ക്ക് 200 ചാട്ടവാറടി നല്‍കണം എന്നാണ് കോരന് ശുപാര്‍ശ ചെയ്യാനുള്ളത്. വൈദ്യുതി വകുപ്പ് കോടതിയില്‍ പോയി ഇളവു തേടിയാല്‍ 100 ചാട്ടവാറടിയെങ്കിലും ഉറപ്പാവുമല്ലോ! കോരന്‍ ഇതാ ശപഥം ചെയ്യുന്നു:
പ്രളയം തടയാന്‍ ഇനി മുതല്‍ ഞാന്‍ കാവിനിറമുള്ള ഗോമാതാവിനെ നിശ്ശബ്ദമായി അതീവ ഭക്തിയോടെ വണങ്ങുന്നതാകുന്നു. ശബരിമലയിലെ യുവതി എന്ന് ഒരിക്കലും ഉച്ചരിക്കുകയുമില്ല. ഭാരത് മാതാ കീ ജയ്. ി
Next Story

RELATED STORIES

Share it