Idukki local

പ്രളയാനന്തര പുനര്‍നിര്‍മാണം; വീടുകള്‍ക്ക് ധനസഹായം

ഇടുക്കി: സ്വന്തം ഭൂമിയില്‍ വീട് വയ്ക്കാന്‍ സന്നദ്ധരായ ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രളയാനന്തര പുനര്‍ നിര്‍മാണത്തിന് ജില്ലയില്‍ നടപടി തുടങ്ങി. ആദ്യഘട്ടമായി, ജില്ലയില്‍ പ്രളയക്കെടുതിയില്‍ പൂര്‍ണമായി തകര്‍ന്നതോ വാസയോഗ്യമല്ലാത്തതോ ആയി വീട് നഷ്ടപ്പെട്ട ദുരന്ത ബാധിതരില്‍ വീട് വയ്ക്കുന്നതിന് അനുയോജ്യമായ ഭൂമിയുള്ളവരും സ്വന്തമായി വീട് വയ്ക്കാന്‍ സന്നദ്ധരായിട്ടുള്ളവരുമായവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ ധനസഹായം നാല് ലക്ഷം അനുവദിക്കുന്നു.
ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണത്തിന് നാല് ലക്ഷത്തിന് ഉപരിയായ തുക ചെലവാകുന്ന പക്ഷം അധിക തുക ഗുണഭോക്താവ് തന്നെ വഹിക്കേണ്ടതാണ്. ഇപ്രകാരം വീട് വയ്ക്കാന്‍ താല്‍പ്പര്യമുള്ള ഗുണഭോക്താക്കള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോറം, അനുബന്ധ രേഖകള്‍, സമ്മതപത്രം എന്നിവ ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍ മുഖേന സമര്‍പ്പിക്കണം.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ലക്ഷം രൂപയില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള തുക, ഗുണഭോക്താക്കളില്‍ നിന്നുള്ള നിശ്ചിത അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് വീട് നിര്‍മാണത്തിന് അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള തുകയുടെ 50 ശതമാനം വീട് 25ശതമാനം പൂര്‍ത്തീകരിക്കുമ്പോഴും ശേഷിക്കുന്ന 50% നിര്‍മാണം 75ശതമാനം പൂര്‍ത്തീകരിച്ചശേഷവും അനുവദിക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രളയക്കെടുതിയില്‍ തകര്‍ന്ന 2200 വീടുകള്‍ പുനര്‍നിര്‍മിക്കേണ്ടിവരുമെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇവയില്‍ ഭൂരിപക്ഷത്തിനും വീട് നിര്‍മിക്കാനുള്ള ധനസഹായം ലഭിക്കാത്ത പ്രശ്‌നമുണ്ട്.
629പേര്‍ക്കാണ് ധനസഹായം ലഭിച്ചത്. പട്ടയമോ കൈവശരേഖയോ ഇല്ലാത്തതിനാല്‍ വീട് നിര്‍മിക്കാനാവാതെ കഴിയുന്നത് 1031 കുടുംബങ്ങളാണ്. ഭൂമിയില്ലാത്തവരായി 491 കുടുംബങ്ങള്‍ ഇപ്പോഴും അനൗദ്യോഗിക ക്യാംപുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുകയാണ്. വീടുവെയ്ക്കാന്‍ ധനസഹായം ലഭിച്ചാലും നേരിടുന്ന അവരുടെ ഭൂമി ഭവനനിര്‍മാണത്തിന് സുരക്ഷിതമാണോ എന്നറിയാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് തപുതിയ പ്രശ്‌നം.
ഹൈറേഞ്ചുകളിലെ പുനര്‍നിര്‍മാണങ്ങള്‍ ജിഎസ്‌ഐ സംഘത്തിന്റെ വിശദമായ പഠനത്തിനുശേഷം മാത്രമേ പാടുള്ളുവെന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ എന്ന് ജിഎസ്‌ഐ സംഘമെത്തുമെന്നതിനേക്കുറിച്ച് ഇതുവരെയും ഒരറിയിപ്പും ലഭ്യമല്ല. ജിഎസ്‌ഐയില്‍ നിന്നുള്ള സംഘമെത്തി ഭൂമി അനുകൂലമെന്നു റിപോര്‍ട്ട് നല്‍കിയാല്‍ മാത്രമേ ഭൂരിപക്ഷം പേര്‍ക്കും വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാവു.

Next Story

RELATED STORIES

Share it