palakkad local

പ്രളയാനന്തരം പുഴകളില്‍ മണല്‍ക്കടത്ത് വ്യാപകം

പത്തിരിപ്പാല: പ്രളയാനന്തരം പുഴകളില്‍ നിന്നുള്ള മണല്‍കടത്ത് വ്യാപകമായി. ഭാരതപ്പുഴയില്‍ മണലിന്റെ വന്‍ശേഖരം തന്നയെണ് ഉണ്ടായിരിക്കുന്നത്. ഇതുമുതലെടുത്ത് ഭാരതപ്പുഴയില്‍ മണല്‍കടത്ത് വ്യാപകമായി. ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞൊഴുകി സംഹാരരുദ്രയായി പരന്നൊഴുകിയപ്പോള്‍ വെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചെത്തിയത് വെള്ളത്തോടൊപ്പം പഞ്ചസാര മണലിന്റെ വന്‍ഖനി കൂടിയായിരുന്നു.
തടയണകളെയും മറിച്ച് മീറ്ററുകളോളം മണല്‍ ഉയര്‍ന്ന് രൂപപ്പെട്ടതോടെ തടയണകളുടെ ചീര്‍പ്പുകള്‍ അഴിച്ച് പുറന്തള്ളുകയല്ലാതെ അധികൃതര്‍ക്ക് ഒന്നും ചെയ്യാനുണ്ടായില്ല. ഇതോടൊപ്പം ഒഴുകിയെത്തിയ മണലിന്റെ വന്‍പ്രവാഹവും വരണ്ടുണങ്ങി കിടന്നിരുന്ന പുഴയുടെ മടിത്തൊട്ടിലിനെ സമൃദ്ധമാക്കി. ഓപ്പറേഷന്‍ നിളപദ്ധതിയുടെ ഭാഗമായി മണല്‍മാഫിയകള്‍ക്കെതിരേ ശക്തമായ നടപടിയുമായി പോലിസും റവന്യൂ അധികൃതരും നീങ്ങുകയും മണലൂറ്റുന്നതും കടത്തുന്നതും മോഷണക്കുറ്റമായും കേസെടുക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ഭാരതപുഴയടെ മണലൂറ്റ് പൂര്‍ണമായും നിലച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഭാരതപുഴയുടെ വിവിധ കടവുകളില്‍ മണല്‍കടത്ത് ശക്തമായി തുടങ്ങി.
തലച്ചുമടായാണ് പുഴയില്‍നിന്ന് മണല്‍കടത്തുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ബക്കറ്റിലാക്കി സ്ത്രീകളും പുഴയില്‍നിന്നു മണലെടുക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ പുഴയിലെ മണലെടുപ്പ് പഴയരീതിയിലെത്തും. മഹാപ്രളയം സമ്മാനിച്ച ദുരിതത്തില്‍നിന്നു ആശ്വാസമായി ലഭിച്ചതാണ് ഒഴുകിയെത്തിയ മണല്‍സമ്പത്ത്. കാടും പൊന്തയും നിറഞ്ഞ് മരുപ്രദേശത്തിനു സമാനമായി കിടന്നിരുന്ന ഭാരതപ്പുഴയുടെ പലഭാഗങ്ങളും ഇപ്പോള്‍ മണലിന്റെ നിറസാന്നിധ്യത്താല്‍ സമൃദ്ധമാണ്. സമീപകാലത്ത് മണലെടുപ്പ് പൂര്‍ണമായും നിലച്ചെന്ന വിശ്വാസത്തില്‍ പോലിസും റവന്യൂ അധികൃതരും റെയ്ഡുകള്‍ നിര്‍ത്തിവച്ചിരുന്നു.
ഈയവസരം മുതലെടുത്ത് മണല്‍മാഫിയകള്‍ മണലൂറ്റു നടത്തുകയാണ്. റവന്യൂ അധികൃതരും പോലിസും മുന്‍കാലങ്ങളില്‍ വലിയതോതില്‍ മണലൂറ്റ് പിടികൂടിയിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സബ് കലക്ടറുടെ പ്രത്യേക സ്‌ക്വാഡ് അഞ്ഞൂറിനുപുറത്ത് ലോഡ് മണല്‍ പിടികൂടിയിരുന്നു. പ്രകൃതിചൂഷണം തടയാനായി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് 568 വാഹനങ്ങളും പിടികൂടി. ഒറ്റപ്പാലം സബ്ഡിവിഷന്‍ പരിധിയില്‍ പട്ടാമ്പി, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം പ്രദേശങ്ങളിലുള്ള പുഴയോരങ്ങളില്‍നിന്നാണ് ഇത്രയും മണല്‍ പിടികൂടിയത്.
2013 മുതല്‍ 2017 വരെയുള്ള മൂന്നുവര്‍ഷമാണ് പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ശക്തമായ മണല്‍വേട്ട നടന്നത്. അതേസമയം മേല്‍പറഞ്ഞ കാലഘട്ടത്തില്‍ ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ പോലിസും ഇത്രയും ലോഡ് മണല്‍ പിടികൂടിയിട്ടുണ്ട്. ഇരുവകുപ്പുകളും ചേര്‍ന്ന് രണ്ടായിരത്തോളം വാഹനങ്ങളും പിടികൂടി. പിടികൂടിയ വാഹനങ്ങള്‍ ലേലം ചെയ്ത് മൂന്നുരക്കോടിയോളം രൂപ പോലിസിനു ലഭിക്കുകയും ചെയ്തു.



Next Story

RELATED STORIES

Share it