പ്രളയബാധിതര്‍ക്കു വെള്ളം, വൈദ്യുതി സൗജന്യമായി നല്‍കുന്നതു പരിഗണിക്കണം

കൊച്ചി: പ്രളയബാധിതര്‍ക്കു നിശ്ചിത കാലത്തേക്ക് കുടിവെള്ളം, വൈദ്യുതി, പാചകവാതകം എന്നിവ സൗജന്യമായി നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും പിന്നീട് സഹായം നല്‍കുമ്പോള്‍ ഇതിനു വന്ന ചെലവ് തിരിച്ചുപിടിക്കാനാവുമെന്നും വ്യക്തമാക്കി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കി.
ദുരിത ബാധിതര്‍ക്കു മതിയായ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എ എ ഷിബി നല്‍കിയതുള്‍പ്പെടെയുള്ള ഹരജികളില്‍ നേരത്തെ ഹൈക്കോടതി ഒരഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു. ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ദുരന്തബാധിതരെ കൂടി പങ്കെടുപ്പിക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നെന്ന് ഉറപ്പാക്കാനും ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഇതു സഹായിക്കും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു വാര്‍ഡ് തല കമ്മിറ്റികള്‍ക്ക് രൂപംനല്‍കി ഇവരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുത്തണം.
വാര്‍ഡ് മെംബര്‍ ഉള്‍പ്പെടെ അഞ്ചു പേരുള്‍പ്പെട്ട ഈ കമ്മിറ്റിയെ യഥാര്‍ഥ ദുരിതബാധിതരെ കണ്ടെത്താന്‍ ഉപയോഗിക്കാം. നഷ്ടം സംഭവിച്ച ബിസിനസ് സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക സ്‌കീം തയ്യാറാക്കണം. ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ നഷ്ടം കണക്കാക്കണം. പൊതു ആഘോഷങ്ങളും ടൂറിസം പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടെന്നുവയ്‌ക്കേണ്ടതില്ല. പാഴ്‌ച്ചെലവ് ഒഴിവാക്കി ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു സഹായമാവും.

Next Story

RELATED STORIES

Share it