പ്രളയബാധിതര്‍ക്കുള്ള വസ്ത്രങ്ങള്‍ കടത്തി; 12 വനിതാ പോലിസുകാരെ സ്ഥലംമാറ്റി

കൊച്ചി: പ്രളയബാധിതര്‍ക്കു വിതരണം ചെയ്യാനെത്തിയ വസ്ത്രങ്ങള്‍ വീട്ടിലേക്കു കൊണ്ടു പോയെന്ന സംഭവത്തില്‍ 12 വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. ആരോപണ വിധേയരായ മുഴുവന്‍ വനിതാ പോലിസുകാരെയും നിലവില്‍ ഇവര്‍ ജോലി ചെയ്തിരുന്ന പോലിസ് സ്‌റ്റേഷനില്‍ നിന്നു സ്ഥലംമാറ്റിക്കൊണ്ട് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഉത്തരവിട്ടു. സ്റ്റേഷനില്‍ അറ്റാച്ച് ചെയ്ത പിങ്ക്‌പോലിസിലെ വനിതാ പോലിസുകാരും സ്ഥലംമാറ്റിയവരില്‍ ഉള്‍പ്പെടും. പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കു നല്‍കാന്‍ എറണാകുളം സിറ്റി അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ പോലിസ് സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികളില്‍ നിന്നാണു സാരിയുള്‍പ്പെടെ തുണിത്തരങ്ങള്‍ വനിതാ പോലിസുകാര്‍ എടുത്തത്്. കോയമ്പത്തൂരില്‍ നിന്നെത്തിയ പൊതിയില്‍ നിന്നു തുണിത്തരങ്ങള്‍ തരംതിരിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലിസുകാര്‍ക്കായിരുന്നു ചുമതല. ഇതിനിടെയാണു വസ്ത്രങ്ങളുമായി ചില വനിതാ പോലിസുകാര്‍ വീടുകളിലേക്കു പോയത്. മറ്റു ചില വനിതാ പോലിസുകാര്‍ തന്നെയാണു ഈ വിവരം പുറത്തുവിട്ടത്. സ്റ്റേഷനിലെ സിസി ടിവി കാമറകളില്‍ വസ്ത്രങ്ങളുമായി പോവുന്ന ദൃശ്യങ്ങള്‍ പതിഞ്ഞതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 12 വനിതാ പോലിസുകാരെ സ്ഥലംമാറ്റി. എന്നാല്‍ എവിടെ വിതരണം ചെയ്യണമെന്ന മാര്‍ഗനിര്‍ദേശം ലഭിക്കാത്തതിനാല്‍ സ്വന്തം സ്ഥലങ്ങളിലെ ക്യാംപുകളില്‍ വിതരണം ചെയ്യുന്നതിനാണു വസ്ത്രങ്ങള്‍ കൊണ്ടുപോയതെന്നായിരുന്നു നടപടിക്കു വിധേയരായ വനിതാ പോലിസുകാരുടെ വിശദീകരണം.



Next Story

RELATED STORIES

Share it