malappuram local

പ്രളയബാധിതരുടെ മാനസികപ്രശ്‌നം പരിഹരിക്കാന്‍ 'അതിജീവനം' പദ്ധതി

മലപ്പുറം: പ്രകൃതിക്ഷോഭത്തിനിരയായവര്‍ക്കിടയിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികില്‍സ നല്‍കാന്‍ 'അതിജീവനം' പദ്ധതി നടപ്പാക്കുന്നു. ജില്ലാ മാനസികാരോഗ്യ പോഗ്രാമിന്റെ (ഡിഎംഎച്ച്പി) ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ പ്രളയബാധിതമായ 67 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കും. പ്രകൃതിക്ഷോഭംമൂലം വീടും സ്വത്തും നഷ്ടപ്പെട്ടും പ്രളയം നേരില്‍ കണ്ട ഭീതിമൂലവും മാനസികമായി തകര്‍ന്നവരെ തിരിച്ചുകൊണ്ടു വരികയാണ് ലക്ഷ്യം. ജില്ലാ കലക്ടര്‍ മുഖ്യരക്ഷാധികാരിയായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ചെയര്‍പേഴ്‌സണായും വകുപ്പു മേധാവികള്‍ അംഗങ്ങളുമായിട്ടുള്ള കമ്മിറ്റിക്കായിരിക്കും പ്രൊജക്ടിന്റെ മേല്‍നോട്ടം.
മൂന്നു ഘട്ടങ്ങളായാണ് പ്രൊജക്ട് നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 60 അംഗ പ്രത്യേക മാനസികാരോഗ്യ സംഘം രൂപീകരിച്ച് ജില്ലയിലെ ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കേഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ പ്രത്യേക പരിശീലനം നല്‍കി വിവരശേഖരണത്തിന് ഉപയോഗിക്കും. പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിച്ചായിരിക്കും വിവരശേഖരണം നടത്തുക. വിദ്യാര്‍ഥികളില്‍നിന്ന് വിവരണ ശേഖരണം നടത്താന്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരെയും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെയും ഉപയോഗിക്കും.
സ്ത്രീകളുടെ മാനസികാരോഗ്യ നിര്‍ണയത്തിന് കമ്യൂണിറ്റി കൗണ്‍സിലര്‍മാരെ ഉപയോഗിക്കും. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കേഴ്‌സ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ ബാധിക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിച്ച് മാനസികാരോഗ്യ പരിശോധന നടത്തി പ്രാഥമിക വിവരങ്ങള്‍ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അതിജീവനം ടീമിനും വിവരം കൈമാറും. പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട് ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനവും നല്‍കും. വിവര ശേഖരണത്തില്‍ ലഭിച്ച പ്രാഥമിക വിവരങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമാണ് രണ്ടാംഘട്ടത്തില്‍ നടത്തുക.
കൂടുതല്‍ പ്രശ്‌നങ്ങള്‍ റിപോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ആരോഗ്യ കേരളം, കോഴിക്കോട് ഇംഹാന്‍സ്, സാമൂഹികനീതി വകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല, ആയുഷ് തുടങ്ങിയവയുടെ സഹകരണത്തോടെ 'അതിജീവനം' ക്ലിനിക്കുകള്‍ ആരംഭിക്കും.
പ്രളയംമൂലം തൊഴില്‍ നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്ക് പുതിയ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കാന്‍ “'അതിജീവനം' വൊക്കേഷനല്‍ ട്രെയിനിങ് സെന്ററുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ട്രോമാ, റിലീഫ് ട്രെയിനിങ്്, പ്രളയബാധിത മേഖലകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള മാനസികാരോഗ്യ പരിശീലനം എന്നിവയും ഈ ഘട്ടത്തില്‍ നടക്കും. ഡിഎച്ച്ഡിപിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മന:ശാസ്ത്ര പ്രാഥമിക ശുശ്രൂഷാ പരിശീലനം, സ്‌കൂള്‍ മാനേജര്‍മാര്‍, സ്ഥാപന മേധാവികള്‍ എന്നിവര്‍ക്ക് അടിയന്തര ഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനം തുടങ്ങിയയവാണ് മൂന്നാംഘട്ടത്തില്‍ നടക്കുക.



Next Story

RELATED STORIES

Share it