thrissur local

പ്രളയദിനങ്ങള്‍ കൊടുങ്ങല്ലൂരില്‍ ഉണ്ടാക്കിയത് കോടികളുടെ നഷ്ടം

കൊടുങ്ങല്ലൂര്‍: പ്രളയദിനങ്ങള്‍ കൊടുങ്ങല്ലൂരില്‍ ഉണ്ടാക്കിയത് കോടികളുടെ നഷ്ടം. ഭാവിയില്‍ ഇത് പ്രദേശത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിക്കുമെന്നുള്ള വിലയിരുത്തലിലാണ് അധികൃതര്‍. നഗരസഭാ പ്രദേശത്ത് പൂര്‍ണമായി തകര്‍ന്നതും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതും താമസയോഗ്യമല്ലാതാവുകയും ചെയ്ത വീടുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ പറഞ്ഞു. നഗരസഭയില്‍ മൊത്തം 9,518 കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചതെന്ന് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ ഒരാഴ്ചയിലധികമായി 50 ഓളം വിദഗ്ധരടങ്ങിയ സംഘമാണ് നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് നടത്തിവരുന്നത്. നഗരസഭാ ചെയര്‍മാന്‍ കെ ആര്‍. ജൈത്രന്‍ വിളിച്ചുചേര്‍ത്ത നഗരത്തിലെ വിവിധമേഖലയിലെ വിദഗ്ദരുടെ യോഗങ്ങള്‍ മികച്ച പ്രതികരണമാണുണ്ടാക്കിയത്. റിട്ട. എന്‍ജിനീയര്‍മാര്‍, എഞ്ചിനീയറിങ്ങ് മേഖലയില്‍ ഇടപെടുന്നവരുടെ പ്രമുഖ സംഘടനായ ‘ലെന്‍സ് ഫെഡ്’ മുന്‍നിരപ്രവര്‍ത്തകര്‍, ബി.ടെക് സിവില്‍ വിദ്യാര്‍ഥികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും യോഗത്തിലാണ് കെട്ടിടങ്ങള്‍ സംബന്ധിച്ച പഠനത്തിനായി രൂപരേഖ തയ്യാറാക്കിയത്. ഒരു റിട്ട. എന്‍ജിനീയറടങ്ങിയ സംഘമാണ് വീടുകളുടെ കേടുപാടുകളെക്കുറിച്ചുള്ള കണക്കെടുപ്പ് നടത്തിവരുന്നത്. ‘ആദ്യ കണക്കെടുപ്പിനുശേഷം മുതിര്‍ന്ന എഞ്ചിനീയറിംഗ് വിദഗ്ധര്‍ ഗുരുതരാവസ്ഥയില്‍ നില്‍ക്കുന്ന വീടുകളില്‍ തുടര്‍പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. പ്രളയാനന്തരം നഗരസഭയിലെ മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും പൊതുസമൂഹത്തിന്റെ സഹായം വേണ്ടിവരുമെന്ന് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അറിയിച്ചു. 25,000 ല്‍പരം നോട്ട് പുസ്തകങ്ങളും 500 ഇന്‍സ്റ്റമെന്റ് ബോക്‌സുകളും അടുത്ത ദിവസം തന്നെ കുട്ടികള്‍ക്ക് വേണ്ടി വിതരണം ചെയ്യാനുള്ള പദ്ധതിയും പുര്‍ത്തിയായി വരികയാണ്. അതേസമയം വ്യാപാരമേഖലയിലുണ്ടായ നഷ്ടങ്ങളെക്കുറിച്ചുള്ള കണക്കെടുപ്പുകളും അന്വേഷണങ്ങളും കാര്യമായി നടന്നിട്ടില്ല.
Next Story

RELATED STORIES

Share it