പ്രളയത്തില്‍ മണിയാര്‍ ഡാമിന് ഗുരുതര തകരാര്‍

പത്തനംതിട്ട: പ്രളയത്തെ തുടര്‍ന്ന് മണിയാര്‍ ഡാമിനു തകരാര്‍. രണ്ടാം ഷട്ടറിന്റെയും വലതു കരയിലെ ഒന്നാം ഷട്ടറിന്റെ താഴെയും കോണ്‍ക്രീറ്റ് അടര്‍ന്നുപോയി. ഈ ഭാഗം വഴി വെള്ളം പുറത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. പ്രളയസമയത്ത് വലതു കരയോടു ചേര്‍ന്ന ഭാഗത്തെ രണ്ടാം നമ്പര്‍ ഷട്ടര്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഷട്ടറിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകിയാണ് താഴ്ഭാഗത്ത് അണക്കെട്ടിനു നാശം നേരിട്ടത്. വലതു കരയിലെ ഒന്നാം നമ്പര്‍ ഷട്ടറിന്റെ താഴ്ഭാഗത്തും കോണ്‍ക്രീറ്റ് അടര്‍ന്നിട്ടുണ്ട്. വീണ്ടും വെള്ളം കുത്തിയൊലിച്ചാല്‍ ശേഷിക്കുന്ന ഭാഗവും തകരും. ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ എച്ച് ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഡാമില്‍ പരിശോധന നടത്തി. അടിയന്തരമായി ഇടപെടേണ്ട ചില തകരാറുകള്‍ ഡാമിനു സംഭവിച്ചിട്ടുണ്ടെന്ന് കെ എച്ച് ഷംസുദ്ദീന്‍ പറഞ്ഞു. നിലവില്‍ അപകടസ്ഥിതിയില്ലെങ്കിലും തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി മോശമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ ഡാമിനു സമീപത്തെ ചില വീടുകള്‍ ഒലിച്ചുപോയിരുന്നു. ഡാമില്‍ ഇപ്പോഴും നിറയെ വെള്ളമുള്ളതിനാല്‍ നാലു ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കു വിടുന്നുണ്ട്. ഡാം തകര്‍ച്ച നേരിട്ടാല്‍ മണിയാര്‍ മുതല്‍ പൂവത്തുംമൂട് വരെ കക്കാട്ടാറിന്റെയും പൂവത്തുംമൂട് മുതല്‍ ചെങ്ങന്നൂര്‍ വരെ പമ്പാനദിയുടെയും തീരപ്രദേശങ്ങളെ ബാധിക്കും.
Next Story

RELATED STORIES

Share it