പ്രളയത്തില്‍ കൈത്താങ്ങായി; വിലപിടിപ്പുള്ള മൊബൈലിന്റെ നഷ്ടത്തില്‍ നിരാശയില്ലാതെ രഞ്ജിത്ത്‌

കൊച്ചി: ഒമ്പതു വര്‍ഷത്തെ അധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപ ചേര്‍ത്തുവച്ച് സ്വന്തമാക്കിയ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെങ്കിലും കണ്ണൂര്‍ സ്വദേശി രഞ്ജിത്തിന് തെല്ലും നിരാശയില്ല. പ്രളയം സംസ്ഥാനത്തെ വിഴുങ്ങിയപ്പോള്‍ ഒന്നും ആലോചിക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി ആയിരത്തിലധികം പേരുടെ ജീവന്‍ രക്ഷിക്കുന്നതിനിടയിലാണ് രഞ്ജിത്തിന് മൊബൈല്‍ ഫോണ്‍ നഷ്ടമായത്. ഉപയോഗിച്ച് കൊതി തീരും മുമ്പ് മൊബൈല്‍ നഷ്ടപ്പെട്ടെങ്കിലും നിരവധി പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിച്ചതിനു മുമ്പില്‍ മറ്റ് നഷ്ടങ്ങള്‍ ഒന്നുമല്ലെന്ന് 26കാരനായ ഈ യുവാവ് പറയുന്നു. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കാന്‍ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ സംഘടിപ്പിച്ച പരിപാടിയില്‍ എത്തിയപ്പോഴാണ് ദുരന്തനാളുകളിലെ ഓര്‍മകള്‍ രഞ്ജിത്ത് മാധ്യമങ്ങളുമായി പങ്കുവച്ചത്. കണ്ണൂര്‍ പയ്യന്നൂര്‍ പാടിയോട്ടിച്ചാല്‍ സ്വദേശി എം വി രഞ്ജിത്ത് കഴിഞ്ഞ ഒമ്പതു വര്‍ഷമായി കൊച്ചിയിലെ സ്വകാര്യ പാല്‍ സംഭരണ-വിതരണ കേന്ദ്രത്തിലെ ജീവനക്കാരനാണ്. പ്രായമായവരെന്നോ കൊച്ചുകുട്ടികളെന്നോ വേര്‍തിരിവില്ലാതെ പ്രളയത്തില്‍ അകപ്പെട്ട ഓരോരുത്തരെയും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതുവരെ ഇടതടവില്ലാതെ ഓടുന്നതിനിടെയാണ് കമ്പനിപ്പടിയില്‍ വച്ച് രഞ്ജിത്തിന്റെ ഫോണ്‍ നഷ്ടമാകുന്നത്. ഇതര സംസ്ഥാനക്കാര്‍ കുട്ടത്തോടെ കഴിഞ്ഞിരുന്ന ഒരു വീട്ടില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കുന്നതിനായാണ് രഞ്ജിത്തും സംഘവും കമ്പനിപ്പടിയിലെ ഒരു വീട്ടിലെത്തിയത്. മൂന്നോ നാലോ പേര്‍ക്ക് കയറാവുന്ന വള്ളമായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നത്. എന്നാല്‍, വെള്ളം പേടിയായിരുന്ന തൊഴിലാളികള്‍ കൂട്ടത്തോടെ വഞ്ചിയില്‍ കയറി. ഇതോടെ രഞ്ജിത്ത് ഉള്‍പ്പെടെ രക്ഷപ്പെടുത്താന്‍ ചെന്ന നീന്തലറിയാവുന്നവര്‍ വഞ്ചി കരയിലേക്ക് വലിച്ചുകൊണ്ടുവരേണ്ട അവസ്ഥയായി. ഇത്തരത്തില്‍ തൊഴിലാളികളെയും വലിച്ചുകൊണ്ടുവരുന്നതിനിടെ കരയ്‌ക്കെത്തുന്നതിന് നൂറു മീറ്റര്‍ അകലെ വഞ്ചി മറിഞ്ഞാണ് ഫോണ്‍ നഷ്ടമായത്. എങ്കിലും നീന്തലറിയാതെ മുങ്ങിത്താഴുന്ന മനുഷ്യരെ ജീവന്‍ പണയം വച്ച് രഞ്ജിത്ത് കരയ്‌ക്കെത്തിച്ചു. പിന്നീട് മൊബൈലിനായി വെള്ളത്തില്‍ മുങ്ങിനോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഒരു ലക്ഷം രൂപ വില വരുന്ന ആപ്പിള്‍ ഐഫോണ്‍ വാങ്ങി രണ്ടു മാസം തികയും മുമ്പേയാണ് നഷ്ടമായത്. എങ്കിലും അതിലൊട്ടും നിരാശയില്ലെന്ന് രഞ്ജിത്ത് പറയുന്നു. പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ കോരിച്ചൊരിയുന്ന മഴയത്ത് കനത്ത വെള്ളപ്പൊക്കം മറികടന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ലഭിച്ച നന്ദിവാക്കുകള്‍ ഓര്‍ക്കുമ്പോള്‍ നഷ്ടങ്ങളെല്ലാം സന്തോഷങ്ങള്‍ക്ക് വഴിമാറുമെന്നാണ് രഞ്ജിത്തിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it