wayanad local

പ്രളയത്തില്‍ ഉപേക്ഷിക്കപ്പെട്ടത് നിരവധി വഴിയോരക്കച്ചവടങ്ങള്‍

കല്‍പ്പറ്റ: പ്രളയാനന്തരം ജില്ലയിലെ വഴിയോര കച്ചവടക്കാര്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍. ജില്ലയില്‍ അയ്യായിരത്തിലധികം വഴിയോര കച്ചവടക്കാരുണ്ട്.പ്രധാനമായും തൊഴിലാളികളും സാധാരണക്കാരുമാണ് ഇക്കൂട്ടരുടെ വരുമാനം. എന്നാല്‍ പ്രളയാനന്തരം ജില്ലയിലെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും നിര്‍മ്മാണ മേഖലയുടെ സ്തംഭനവും മൂലം തൊഴിലാളികള്‍ക്ക് പണിയില്ലാതായി. അതിനാല്‍ തൊഴിലാളികളോ സാധാരണക്കാരോ ഇപ്പോള്‍ ഇത്തരം കടകളിലെത്താറില്ല.
അതുകൊണ്ട് തന്നെ ജില്ലയിലെ വഴിയോര കച്ചവടക്കാരെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ നിരവധി കടകള്‍ അടച്ചു പൂട്ടി, മറ്റുള്ളവരാകട്ടെ കടുത്ത പ്രതിസന്ധിയിലും.
പ്രളയം വിതച്ച വിനാശത്തോടൊപ്പം വിലക്കയറ്റം രൂക്ഷമായതും മറ്റൊരു കാരണമായി ഇവര്‍ പറയുന്നു. ദിവസവും രണ്ടായിരത്തിലധികം രൂപയുടെ കച്ചവടം ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അതിന്റെ കാല്‍ ഭാഗം പോലും ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷമായി കല്‍പ്പറ്റയില്‍ വഴിയോര കച്ചവടം ചെയ്തു വരുന്ന എമിലി സ്വദേശി ശൈലേന്ദ്രന്‍ പറഞ്ഞു.
പൊതുവെ മഴ തുടങ്ങിയാല്‍ ഇത്തരം കച്ചവടത്തിന് അല്പം ഇടിവ് സംഭവിക്കാറുണ്ട്. എന്നാല്‍ ഇക്കുറി മഴ കനത്തതും തുടര്‍ന്നുണ്ടായ പ്രളയ ദുരന്തവും മൂലം മുമ്പെങ്ങുമില്ലാത്തത്ര പ്രതിസന്ധി നേരിടുകയാണ് .പല വഴിയോര കച്ചവടക്കാരും സ്വര്‍ണ്ണം പണയം വച്ചും മറ്റുമാണ് ഇപ്പോള്‍ കച്ചവടം ചെയ്യുന്നതെന്ന് വൈത്തിരി സ്വദേശി ഹനീഫ പറഞ്ഞു. മറ്റ് മേഖലകളിലെ നാശനഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ വിവിധ സഹായങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം ചെറുകിട കച്ചവടക്കാരെയും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Next Story

RELATED STORIES

Share it