malappuram local

പ്രളയത്തിനു ശേഷമുണ്ടായ കനത്ത ചൂടില്‍ കോള്‍പാടങ്ങളിലും വെള്ളംവറ്റുന്നു

പൊന്നാനി: പ്രളയത്തിനു ശേഷമുണ്ടായ കനത്ത ചൂടില്‍ പൊന്നാനി കോള്‍മേഖലയിലും ജലനിരപ്പ് അപകടകരമാം വിധം താഴുന്നു. ഇത് വരുംനാളില്‍ കൃഷിയെ വലിയ തോതില്‍ ദോഷകരമായി ബാധിക്കും. പ്രളയം കഴിഞ്ഞപ്പോള്‍ പുഴയിലെ ജലനിരപ്പ് സാധാരണപോലെ ആയപ്പോഴും കോള്‍ നിലങ്ങളിലെ വെള്ളം ഇറങ്ങിയിരുന്നില്ല. പൊന്നാനി കോള്‍മേഖലയിലെ പല കോള്‍പടവുകളിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. തുലാവര്‍ഷം നന്നായി പെയ്താല്‍ ഈ പ്രതിസന്ധി ഒരുപരിധിവരെ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയാണ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം ചിലര്‍ പറയുന്നത്. എന്നാല്‍, തുലാവര്‍ഷം കൊണ്ട് വെള്ളമില്ലായ്മയില്‍നിന്ന് പൂര്‍ണമായും പുറത്തുകടക്കാനാവുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
തുലാവര്‍ഷം ആഴ്ചകളോളം, മാസങ്ങളോളം നിന്നുപെയ്താല്‍ മാത്രമേ വന്ന നഷ്ടത്തിന്റെ ഇരുപത് ശതമാനമെങ്കിലും തിരിച്ചുപിടിക്കാന്‍ പറ്റൂ എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പ്രളയത്താലും പലയിടങ്ങളിലേയും മേല്‍മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. മേല്‍മണ്ണുണ്ടെങ്കിലേ മഴവെള്ളം ഭൂമിക്കടിയിലേക്ക് താഴുകയുള്ളൂ. പുഴകളിലേയും കോള്‍ പാടങ്ങളിലേയും മേല്‍മണ്ണ് ഇല്ലാത്ത അവസ്ഥയില്‍ തുലാവര്‍ഷത്തിലെ വെള്ളം ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍, നല്ലരീതിയില്‍ മഴ ലഭിച്ചാല്‍ അവയെ സംഭരിക്കാനുള്ള താത്ക്കാലിക സംഭരണ സംവിധാനങ്ങള്‍ ഒരുക്കുക എന്നതാണ് നിലവില്‍ ഈ പ്രതിസന്ധിയില്‍നിന്ന് അല്‍പ്പമെങ്കിലും രക്ഷപ്പെടാനുള്ള വഴിയെന്നും അവര്‍ പറയുന്നു. മുളയോ വൈക്കോലോ മണ്ണോ ഉപയോഗിച്ച് ചെറിയ സംഭരണ സംവിധാനങ്ങള്‍ ഉണ്ടാക്കി പെയ്ത്തുവെള്ളത്തെ സംഭരിക്കുക മാത്രമാണ് വെള്ളം മുഴുവന്‍ വറ്റിപ്പോയ നാട്ടില്‍ ആകെ ചെയ്യാനുള്ള വഴിയെന്നും ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it