malappuram local

പ്രളയത്തിനുശേഷം വറ്റിവരണ്ട് പുഴകള്‍;ജലക്ഷാമം രൂക്ഷമാവുമെന്ന് ആശങ്ക

പെരിന്തല്‍മണ്ണ: പ്രളയബാധിത പ്രദേശങ്ങളില്‍ ഭൂജല നിരപ്പ് ക്രമാതീതമായി താഴുന്നു. മലപ്പുറം ജില്ലയിലെ പ്രധാന പുഴകളിലെല്ലാം വെള്ളം താഴ്ന്നു. ഇതോടെ ഇത്തവണ കുടിവെള്ള ക്ഷാമം രൂക്ഷമായേക്കുമെന്നും ആശങ്കയേറിയിട്ടുണ്ട്. കുന്തിപ്പുഴ, തൂതപ്പുഴ, കടലുണ്ടിപ്പുഴ, ചാലിയാര്‍ എന്നിവയില്‍ വെള്ളം വേനല്‍കണക്കെ താഴ്ന്നു തുടങ്ങിയിട്ടുണ്ട്. നിറഞ്ഞ് കവിഞ്ഞ് ഒഴികിയിരുന്ന ചെറുതും വലുതമായ തോടുകളിലും വെള്ളം വളരെ താഴ്ന്നു. ചില തോടുകള്‍ ഇപ്പോള്‍ തന്നെ വറ്റിവരണ്ട അവസ്ഥയാണ്. പുഴകളിലേക്കെത്തുന്ന പ്രധാന കൈവരികളിലും വെള്ളം പാടെ താഴ്ന്നിട്ടുണ്ട്. പുഴകളില്‍ വെള്ളം കുറയുന്നത് കൃഷിയിറക്കിയ കര്‍ഷകരില്‍ ആശങ്കയിലാക്കിയിരിക്കുകയാണ്്. ഇത്തരം പ്രതിഭാസത്തെ കോഴിക്കോട് ആസ്ഥാനമായ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റി (സിഡബ്ല്യുആര്‍ഡിഎം) ന്റെ നേതൃത്വത്തില്‍ പഠനം നടത്താന്‍ തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളിലും വേമ്പനാട്ടു കായലിലും ഉള്‍പ്പെടെ മുഴുവന്‍ ജലാശയങ്ങളിലെയും ജലനിരപ്പു ക്രമാതീതമായി താഴുന്നതായി കണ്ടെത്തിയതും പഠനവിധേയമാക്കും. പെരുമഴയ്ക്കുശേഷം രണ്ടാഴ്ചയോളം മഴയുണ്ടാവാതിരുന്നതാണു വരള്‍ച്ചയ്ക്കു കാരണമെന്നു കരുതുന്നുണ്ടെങ്കിലും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം വെള്ളം വറ്റുന്നത് പുതിയ പ്രതിഭാസമാണോയെന്നും സംശയിക്കുന്നു. എന്നാല്‍, പുഴകളിലെ ശക്തമായ ഒഴുക്കുമൂലം ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തുറക്കുകയും വെള്ളം പെട്ടെന്നു കടലിലേയ്്ക്ക് ഒഴുകിപ്പോവുകയും ചെയ്തു. വെള്ളപ്പൊക്കത്തിനു ശേഷം ജലനിരപ്പു താഴുന്നതു പതിവാണെങ്കിലും ഇത്തവണത്തേതു പുതിയ പ്രതിഭാസമാണെന്ന് ശാസ്ത്രജ്ഞരും വിലയിരുത്തുന്നു. നദികളില്‍ മണലെടുപ്പു വര്‍ധിച്ചതും വെള്ളം സംഭരിച്ചുനിര്‍ത്തുന്നതിനെ ബാധിച്ചുവെന്നു വിലയിരുത്തലുണ്ട്. നാട്ടിന്‍പുറങ്ങളിലും പുഴയോര മേഖലകളിലും അടക്കം പല പ്രദേശങ്ങളിലും കിണര്‍ജലം താഴുന്നതും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it