malappuram local

പ്രളയത്തിനുശേഷം ജില്ലയില്‍ എലിപ്പനി ബാധിച്ചത് 42 പേര്‍ക്ക്

മലപ്പുറം: ജില്ലയില്‍ ഈ വര്‍ഷം എലിപ്പനി ബാധിച്ചത് 64 പേര്‍ക്ക്. ഇതില്‍ 42 പേര്‍ക്കും പ്രളയത്തിനുശേഷമാണ് പനി ബാധിച്ചത്. ആഗസ്തില്‍ മാത്രം 34 പേര്‍ക്ക്് എലിപ്പനി ബാധിച്ചു. ഇന്നലെ എട്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷം ആറുപേരാണ് എലിപ്പനി ബാധിച്ച് മരണപ്പെട്ടത്. 11 പേര്‍ എലിപ്പനി വന്ന് മരിച്ചതായി സംശയിക്കുന്നുണ്ട്. നാലുപേര്‍ മരണപ്പെട്ടത് ഇന്നലെയാണ്. ഇന്നലെ 34 പേര്‍ക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നുണ്ട്. അതേസമയം, വെള്ളപ്പൊക്കത്തിനുശേഷം ജില്ലയില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. എലിപ്പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയവയാണ് കൂടുതല്‍ റിപോര്‍ട്ട് ചെയ്യടുന്നത്. വെള്ളം ഇറങ്ങിയതിനുശേഷം എലിപ്പനി ബാധിച്ചവരുടെ എണ്ണം ജില്ലയില്‍ കൂടുതലാണ്. എല്ലാ വര്‍ഷവും ജൂലൈ, ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ ഇവ റിപോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും ഈ വര്‍ഷം എണ്ണം കൂടുതലാണ്. പ്രളയബാധിത മേഖലയിലും ദുരിതാശ്വാസ ക്യാംപുകളിലും എലിപ്പനിക്കുള്ള പ്രതിരോധ മരുന്ന് നല്‍കിയിരുന്നെങ്കിലും പലരും കഴിക്കാന്‍ തയ്യാറാവാതിരുന്നത് രോഗം വ്യാപിക്കാന്‍ കാരണമായിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എലിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡിഎംഒ വീണ്ടും ഓര്‍മിപ്പിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയവരും മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്നും നിര്‍ദേശിച്ചു. എലി, നായ, കന്നുകാലി, മറ്റു ജീവീകള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന വെള്ളം കുടിച്ചാലും ജലം ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചാലും രോഗം വരാന്‍ സാധ്യതയുണ്ട്. കടുത്തപനി, വിറയല്‍, തലവേദന, പേശിവേദന, ഛര്‍ദി, കണ്ണുചുവക്കല്‍, സന്ധിവേദന, വെളിച്ചത്തിനുനേരെ നോക്കാന്‍ പ്രയാസം എന്നിവയാണ് ആദ്യഘട്ടത്തിലെ ലക്ഷണങ്ങള്‍. രണ്ടാംഘട്ടത്തില്‍ മഞ്ഞപ്പിത്തം, മസ്തിഷ്‌കജ്വരം, വൃക്കകളുടെ പ്രവര്‍ത്തനമാന്ദ്യം എന്നിവയുണ്ടാവും. ഹൃദയത്തിന്റെ പ്രവര്‍ത്തനവും ശ്വാസകോശ പ്രവര്‍ത്തനവും മന്ദീഭവിക്കാനും ഇടയുണ്ട്. ലക്ഷണങ്ങള്‍ കണ്ടാന്‍ ഉടന്‍ ചികില്‍സ തേടണം. എലിപ്പനിക്ക് പ്രതിരോധമാണ് പ്രധാന മാര്‍ഗം.

Next Story

RELATED STORIES

Share it