പ്രളയക്കെടുതി: 4.96 ലക്ഷം കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി

തിരുവനന്തപുരം: പ്രളയബാധിതരായ 5,97,931 കുടുംബങ്ങളില്‍ ഇന്നലെ വരെ 4,96,911 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നല്‍കിയതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍.
സഹായധനം ലഭിക്കാത്ത ഒന്നേകാല്‍ ലക്ഷത്തോളം പേരില്‍ ഭൂരിഭാഗം പേരും ബാങ്ക് അക്കൗണ്ട് ഇല്ലാത്തതും പുതിയ അക്കൗണ്ട് തുറക്കുന്നതിനു വേണ്ടുന്ന രേഖകളുടെ അഭാവമുള്ളവരുമാണ്. ഇവയെല്ലാം പരിഹരിച്ച് ഉടന്‍ തന്നെ സഹായധനം ലഭ്യമാക്കാന്‍ കഴിയും. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കു പുതിയ താമസസ്ഥലം ലഭ്യമാവുന്നതു വരെയുള്ള താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാംപുകള്‍ക്ക് പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഗ്രന്ഥശാലകള്‍, ഓഡിറ്റോറിയങ്ങള്‍, ആരാധനാലയങ്ങള്‍, ബാലഭവന്‍, മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളുകള്‍, പാരിഷ് ഹാളുകള്‍ തുടങ്ങിയവയാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
സങ്കുചിത രാഷ്ട്രീയ മനോഭാവത്തോടെ ചിലര്‍ ആക്ഷേപിക്കുന്നതിന് അടിസ്ഥാനമില്ല. സംസ്ഥാനത്തു വാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. പ്രളയകാലത്തു പുഴയുടെ സ്വാഭാവിക ഗതിയില്‍ നിലനിന്ന പല കെട്ടിടങ്ങളും നിര്‍മിതികളും നശിച്ചുപോയിട്ടുണ്ട്. ഇതിനു സമാനമായി അനധികൃതമായി കൈവശംവച്ച ഭൂമിയിലെ പ്രളയത്തില്‍ നശിച്ചുപോയ കെട്ടിടങ്ങളും പുനര്‍നിര്‍മിക്കാനോ, ബാക്കിയായ കെട്ടിടങ്ങളുടെ തുടരുപയോഗമോ അനുവദിക്കരുതെന്നു ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്താകെ 412 ഉരുള്‍പൊട്ടലുകളും 1000ത്തിലധികം മണ്ണിടിച്ചിലുകളിലുമായി 151 പേര്‍ മരണപ്പെട്ടു. ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടി കൈക്കൊള്ളാനും മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് ലഭ്യമാക്കണമെന്നും ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it