kozhikode local

പ്രളയക്കെടുതി: വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും

വടകര: പ്രളയക്കെടുതിയെ തുടര്‍ന്ന് വടകര നിയോജക മണ്ഡലത്തിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനുമായി ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് തലവന്മാര്‍, വ്യാപാരികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. സി കെ നാണു എം എ എ മുന്‍കൈയെടുത്താണ് യോഗം വിളിച്ചു ചേര്‍ത്തത്.
പ്രളയത്തെ തുടര്‍ന്ന് എലിപ്പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് കെ വി അലി അറിയിച്ചു. ഹോമിയോ, ആയുര്‍വേദ വകുപ്പുകള്‍ പകര്‍ച്ച വ്യാധികള്‍ തടയാന്‍ സത്വര നടപടി സ്വീകരിക്കും. കനത്ത മഴയില്‍ മണ്ഡലത്തിലെ പന്ത്രണ്ടര കിലോ മീറ്റര്‍ ദൂരത്തില്‍ കടല്‍ ഭിത്തി തകര്‍ന്നതായി ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. കടല്‍ ഭിത്തി നിര്‍മാണത്തിന് അന്‍പത് കോടി രൂപയുടെ പ്രവൃത്തി നടത്തേണ്ടതുണ്ട്.
ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി സി.കെ നാണു യോഗത്തെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ കുഴിയടക്കാന്‍ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. വിവിധ സംഘടനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ കൈയും മെയ്യും മറന്ന് പ്രവൃത്തിച്ചതായി ആര്‍ഡിഒ വി പി അബ്ദുറഹിമാന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മല്‍സ്യ തൊഴിലാളികളെയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി തൊഴിലാളികളെയും ആദരിക്കും.
യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ പി ഗീത അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ ടി അയൂബ് (അഴിയൂര്‍), എം കെ ഭാസ്‌കരന്‍(ഏറാമല), കെ കെ നളിനി (ചോറോട്), പി വി കവിത(ഒഞ്ചിയം), വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ഡോ. സാവിത്രി ഹരിപ്രസാദ്, സി ഭാസ്‌കരന്‍, പുറന്തോടത്ത് സുകുമാരന്‍, ഇ അരവിന്ദാക്ഷന്‍, കടത്തനാട് ബാലകൃഷ്ണന്‍, പ്രദീപ്‌ചോമ്പാല, ടി ബാലകൃഷ്ണന്‍, കെ കുഞ്ഞികൃഷ്ണന്‍, വി ഗാപാലന്‍, എന്‍ പി ഭാസകരന്‍, പി അബ്ദുല്‍സലാം, ഡി എം ശശീന്ദ്രന്‍, തഹസില്‍ദാര്‍ കെ കെ രവീന്ദ്രന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it