പ്രളയക്കെടുതി ഉപജീവന വികസന പാക്കേജ് പരിഗണിക്കണം: പിണറായി

തിരുവനന്തപുരം: പ്രളയബാധിത മേഖലയിലെ ജനങ്ങളുടെ ജീവനോപാധി പുനസ്ഥാപിക്കുന്നതിന് ആവശ്യമെങ്കില്‍ ഉപജീവന വികസന പാക്കേജ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി-വര്‍ഗം ഉള്‍പ്പെടെയുള്ള ഏറ്റവും ദുര്‍ബല വിഭാഗങ്ങള്‍ക്ക് ജീവനോപാധി പുനസ്ഥാപിക്കുന്നതിന് ആസൂത്രണ ബോര്‍ഡിന്റെ സഹായത്തോടെ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 10 ദിവസത്തിനകം ഉപജീവന വികസന പാക്കേജ് തയ്യാറാക്കി സമര്‍പ്പിക്കും. ഒക്ടോബര്‍ അവസാനത്തോടെ ജീവനോപാധി കോണ്‍ഫറന്‍സ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. മുന്‍ഗണനാ കാര്‍ഡുടമകള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ജോബ് കാര്‍ഡുള്ളവര്‍, അഗതികള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, അംഗപരിമിതര്‍ എന്നിവര്‍ക്കു മുന്‍ഗണന നല്‍കും.
ഇത്തരക്കാര്‍ക്ക് എല്ലാ ആഴ്ചയും ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണം. പുനരധിവാസം അതിവേഗത്തില്‍ പൂര്‍ത്തിയാക്കിയ ശേഷം പുനര്‍നിര്‍മാണമേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കും. പുനരധിവാസവും പുനര്‍നിര്‍മാണവും രണ്ടായി കണ്ടുകൊണ്ടുള്ള സമീപനമായിരിക്കും സ്വീകരിക്കുക. കുട്ടനാട്, ഇടുക്കി, വയനാട് എന്നീ സ്ഥലങ്ങളുടെ വികസനം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി കാണണം. കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങള്‍ കമ്പനികളില്‍ നിന്നു നേരിട്ട് വിലകുറച്ച് ലഭിക്കുമോയെന്നു പരിശോധിക്കണം. നഷ്ടപ്പെട്ട ആസ്തികളുടെ പുനര്‍നിര്‍മാണത്തിന് പ്രാധാന്യം നല്‍കണം.
പ്രീ ഫാബ്രിക്കേഷന്‍ ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ നിര്‍മാണമേഖലയില്‍ സ്വീകരിക്കും. ക്യാംപുകളുടെ എണ്ണം കുറഞ്ഞുവരുന്നതായി ചീഫ് സെക്രട്ടറി ടോം ജോസ് യോഗത്തില്‍ അറിയിച്ചു.
10000 രൂപയുടെ സഹായം ഇതുവരെ 5,58,193 പേര്‍ക്ക് നല്‍കി. 29നകം അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും നല്‍കാനാണു ശ്രമിക്കുന്നത്. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു.
ഒരുലക്ഷം രൂപയുടെ വായ്പയ്ക്കായി 1,09,182 അപേക്ഷകള്‍ ശനിയാഴ്ച വരെ ബാങ്കുകളില്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നാല് എല്‍പി സ്‌കൂളുകള്‍ പൂര്‍ണമായി നശിച്ചു. ഇതു പുനര്‍നിര്‍മിക്കേണ്ടിവരും. വയനാട്ടില്‍ രണ്ടും പാലക്കാടും ഇടുക്കിയിലും ഓരോ എല്‍പി സ്‌കൂളുമാണു തകര്‍ന്നത്. വിദ്യാര്‍ഥികള്‍ക്കെല്ലാം പാഠപുസ്തകം പൂര്‍ണമായി നല്‍കിയതായും ചീഫ് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it