പ്രളയകാല വ്യാധികളും പ്രതിരോധവും

കെ കെ ശൈലജ (ആരോഗ്യ മന്ത്രി )

കേരളം പ്രളയത്തില്‍ നിന്നു കരകയറിക്കൊണ്ടിരിക്കുകയാണ്. മണ്ണിനെയും മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും നടുക്കി ആര്‍ത്തലച്ചു വന്ന പ്രളയത്തില്‍ പകച്ചുനില്‍ക്കുന്ന ജീവിതത്തെ തിരിച്ചുപിടിക്കാന്‍ രക്ഷാപ്രവര്‍ത്തനം, പുനരധിവാസം, പുനര്‍നിര്‍മാണം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് ആവശ്യമായി വരുന്നത്. ഇതില്‍ രക്ഷാപ്രവര്‍ത്തനം ഏറക്കുറേ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പുനരധിവാസവും പുനര്‍നിര്‍മാണവുമാണുള്ളത്. ഒന്നാം ഘട്ടത്തില്‍ എന്നപോലെത്തന്നെ രണ്ടാം ഘട്ടത്തിലും പ്രാധാന്യം കൊടുക്കേണ്ട മേഖലയാണ് ആരോഗ്യരംഗം. പ്രളയ പുനരധിവാസത്തിന്റെ ഘട്ടത്തില്‍ സാംക്രമിക രോഗങ്ങളെ കരുതലോടുകൂടി സമീപിക്കേണ്ടിയിരിക്കുന്നു.
നിലവിലെ സാഹചര്യം വിശകലനം ചെയ്താല്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഡെങ്കിപ്പനി സാംക്രമിക തലത്തിലേക്ക് എത്തുകയും നിരവധി പേര്‍ മരണമടയുകയും ചെയ്തു. അതുപോലെ 2017ല്‍ എലിപ്പനി സാംക്രമിക തലത്തിലേക്ക് എത്തിയില്ലെങ്കിലും എല്ലാ വര്‍ഷവും എലിപ്പനി നാട്ടില്‍ റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. 2018ല്‍ കേരളത്തില്‍ തന്നെ ചില സ്ഥലങ്ങളില്‍ എലിപ്പനി സാംക്രമിക തലത്തിലേക്ക് എത്തിയിരിക്കുന്നു. ഈ വര്‍ഷം ഇതിനോടകം 520 എലിപ്പനി കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതുകൊണ്ടുതന്നെ പ്രളയാനന്തരകാലത്ത് എലിപ്പനി കൂടുതല്‍ പേരിലേക്ക് വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇതു കൂടാതെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, മലമ്പനി, ക്ഷയരോഗം എന്നിവ കൂടിയ തോതിലും കോളറ, ചിക്കുന്‍ഗുനിയ, ഡിഫ്തീരിയ, ചെള്ളുപനി, ജപ്പാന്‍ജ്വരം എന്നിവ താരതമ്യേന കുറഞ്ഞ തോതിലും പ്രളയാനന്തരകാലത്ത് ബാധിക്കാന്‍ സാധ്യതയുണ്ട്.
പ്രളയം പോലുള്ള ദുരന്തങ്ങള്‍ പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ രോഗവ്യാപനത്തിലും മാറ്റങ്ങള്‍ വരുത്താവുന്നതാണ്. നാട്ടില്‍ സാധാരണ കാണാത്ത രോഗങ്ങളായ പ്ലേഗ്, പേവിഷബാധ (റാബീസ്), വെസ്റ്റ് നൈല്‍ ഫീവര്‍, പക്ഷിപ്പനി തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പൊതുജനാരോഗ്യരംഗത്തെ ശാസ്ത്രീയ പഠനങ്ങള്‍ പ്ലേഗ്, ചെള്ളുപനി തുടങ്ങിയവയാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും നമ്മുടെ സാഹചര്യത്തില്‍ പ്രാണിജന്യ രോഗങ്ങളില്‍ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ജപ്പാന്‍ജ്വരം എന്നിവയും ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. അതിനാല്‍ തന്നെ അവയുടെ പ്രതിരോധവും അനിവാര്യമാണ്.
പ്രത്യേക സ്ഥലങ്ങളിലുള്ള ജനസാന്ദ്രതാ വര്‍ധന കാരണം (ഉദാഹരണം ക്യാംപുകള്‍) വെള്ളം, ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവയുടെ മേല്‍ സമ്മര്‍ദം കൂടുകയും ആ ഇടങ്ങളിലെ ജനങ്ങളെ പുതിയ രോഗഹേതുക്കളിലേക്കും രോഗവാഹകരിലേക്കും കൊണ്ടെത്തിക്കുകയും ചെയ്യുന്നു. പുനരധിവാസ ക്യാംപുകളില്‍ ഉണ്ടായേക്കാവുന്ന പ്രധാന അസുഖങ്ങള്‍ വയറിളക്ക രോഗങ്ങള്‍, അഞ്ചാം പനി, ചിക്കന്‍പോക്‌സ്, വില്ലന്‍ ചുമ, മലമ്പനി, ത്വഗ്‌രോഗങ്ങള്‍ തുടങ്ങിയവയാണ്.
ജലവിതരണ പൈപ്പ്‌ലൈന്‍, മലിനജല ഓടകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതുവഴി ജലജന്യ രോഗങ്ങളും വയറിളക്ക രോഗങ്ങളും വരാനുള്ള സാധ്യത കൂടുന്നു. മലിനജലവുമായി നേരിട്ട് തുടര്‍ച്ചയായി സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ചെങ്കണ്ണ്, തൊണ്ട, ചെവി, മൂക്ക് എന്നിവിടങ്ങളിലെ അണുബാധ, കാലില്‍ വളംകടി തുടങ്ങിയവയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനാരോഗ്യ സേവന സംവിധാനത്തിനുള്ള പരിമിതി കാരണം രോഗപ്രതിരോധ നടപടികള്‍ കൊണ്ട് തടയാവുന്ന രോഗങ്ങളായ അഞ്ചാം പനി, വില്ലന്‍ ചുമ, ക്ഷയരോഗം തുടങ്ങിയ രോഗങ്ങള്‍ക്കും വഴിവയ്ക്കാം.
ദുരന്തം മൂലം പോഷകാഹാരത്തില്‍ ഉണ്ടായേക്കാവുന്ന കുറവ് കാരണം ക്ഷയരോഗം, മലമ്പനി, രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അഞ്ചാം പനി തുടങ്ങിയ രോഗങ്ങള്‍ സങ്കീര്‍ണതകളിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്.
ജലജന്യരോഗങ്ങള്‍ക്കും വയറിളക്ക രോഗങ്ങള്‍ക്കുമുള്ള പ്രതിരോധമെന്തെന്ന് അറിഞ്ഞിരിക്കണം:
പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക. കോളറയുടെ പശ്ചാത്തലത്തില്‍ മീന്‍, കണവ, കൊഞ്ച്, ഞണ്ട് എന്നിവ നന്നായി പാകം ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക, പാകം ചെയ്യുമ്പോള്‍ ആഹാരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ചൂട് എത്താന്‍ ശ്രദ്ധിക്കണം.
ഭക്ഷണം പാകം ചെയ്ത ശേഷം വലിയ താമസമില്ലാതെത്തന്നെ കഴിക്കാന്‍ ശ്രമിക്കണം. പാര്‍സല്‍ വാങ്ങുന്നത് കഴിയുന്നതും ഒഴിവാക്കണം. ഭക്ഷണം ശേഖരിച്ചുവയ്‌ക്കേണ്ട അവസ്ഥ ഉണ്ടായാല്‍ വീണ്ടും ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ ഇടകലര്‍ത്തരുത്.
കൈകളുടെ ശുദ്ധി വളരെ പ്രധാനപ്പെട്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. ആഹാരം പാകം ചെയ്യുന്നതിനു മുമ്പ് കൈ കഴുകണം. ആഹാരം കഴിക്കുന്നതിനു മുമ്പും കൈ കഴുകണം (പ്രത്യേകിച്ചും ചെറിയ കുട്ടികള്‍).
അടുക്കള വൃത്തിയായി സൂക്ഷിക്കുക. കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക. ക്ലോറിനേഷന്‍ ചെയ്തതിനു ശേഷം വെള്ളം 20 മിനിറ്റ് വെട്ടിത്തിളപ്പിക്കുക. ഈ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. വയറിളക്ക രോഗങ്ങളും കോളറ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ് പോലുള്ള രോഗപ്രതിരോധത്തിന് മേല്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. ക്യാംപ്, വീട്, പൊതുസ്ഥലം തുടങ്ങിയവയുടെ പൊതുവിലുള്ള വൃത്തിക്കും വലിയ പ്രാധാന്യമുണ്ട്.
പ്രാണിജന്യ രോഗങ്ങള്‍ക്കുള്ള പ്രതിരോധവും പ്രധാനമാണ്.
കൊതുക് മുട്ടയിടാനുള്ള വളരെ അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍. ഉറവിട നശീകരണത്തിന് ഇപ്പോള്‍ വലിയ പ്രസക്തിയുണ്ട്. വെള്ളം ഒഴുകാത്തതും, വീടിനു ചുറ്റുമുള്ള കൊതുക്, കൂത്താടി വളരാന്‍ അനുയോജ്യമായ ഇടങ്ങളും കണ്ടെത്തുകയും കൂത്താടികളെ നശിപ്പിക്കുകയും ചെയ്യണം. ചിരട്ട, ടയര്‍, ഉപയോഗിക്കാത്ത കിണറുകള്‍, പാട്ട എന്നീ എല്ലായിടങ്ങളിലും ശ്രദ്ധ ചെന്നെത്തേണ്ടതാണ്. പ്രായോഗികമെങ്കില്‍ ഗപ്പി മീന്‍ വളര്‍ത്തല്‍ കൂത്താടി നിര്‍മാര്‍ജനത്തിന് ഉപയോഗിക്കാം.
കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണം. കൊതുകുവല ഉപയോഗിക്കാം. പനിയുടെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ സ്വയം ചികില്‍സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ സംവിധാനത്തില്‍ ചികില്‍സ തേടേണ്ടതാണ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ജപ്പാന്‍ജ്വരം എന്നീ അസുഖങ്ങള്‍ക്ക് ഈ വിധ പ്രതിരോധം പൊതുവില്‍ ഗുണം ചെയ്യും.
രോഗാണു ബാധിച്ച എലി, പൂച്ച, നായ, കന്നുകാലികള്‍, അണ്ണാന്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളുടെ മൂത്രം മൂലം മലിനമായ ജലം കാലിലെയോ ശരീരഭാഗങ്ങളിലെയോ പോറലിലൂടെയോ ഭക്ഷ്യവസ്തുക്കളുമായുള്ള സമ്പര്‍ക്കം മൂലമോ എലിപ്പനി രോഗം പകരാം. അതിനാല്‍, പ്രളയകാലത്ത് എലിപ്പനി പ്രതിരോധം വളരെ പ്രധാനപ്പെട്ടതാണ്.
മലിനജലവുമായി സമ്പര്‍ക്കമുള്ള സമയങ്ങളില്‍ വ്യക്തിശുചിത്വ ഉപാധികള്‍ (കൈയുറകളും മുട്ട് വരെയുള്ള പാദരക്ഷകളും) ഉപയോഗിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ എലിപ്പനി പ്രതിരോധത്തിനായി ആഴ്ചയിലൊരിക്കല്‍ 100 മില്ലിഗ്രാം ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ രണ്ടെണ്ണം ആഹാരത്തിനു ശേഷം കഴിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കമുള്ള കാലം വരെ കഴിക്കണം.
പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ സമയമായ കുട്ടികള്‍ക്ക് പ്രളയദുരിതത്തിനിടയില്‍ അതു വിട്ടുപോയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ നിന്ന് എടുക്കേണ്ടതാണ്. അഞ്ചാം പനി, ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് എന്നീ അസുഖങ്ങള്‍ ഇത്തരത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. വിറ്റാമിന്‍ എ പ്രതിരോധ മരുന്ന് നല്‍കുന്നതുവഴി അഞ്ചാം പനിയുടെ സങ്കീര്‍ണതകളും മരണങ്ങളും ഒഴിവാക്കാനും കഴിയുന്നതാണ്.
സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിനു പൊതുവേയുള്ള വ്യക്തിശുചിത്വം അനിവാര്യമാണ്. വ്യക്തിശുചിത്വ മാര്‍ഗങ്ങളായ കുളി, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ചെരുപ്പ് ഉപയോഗിക്കുക, ഭക്ഷണത്തിനു മുമ്പും ശേഷവും, മലമൂത്ര വിസര്‍ജനത്തിനു ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക തുടങ്ങിയ നടപടികള്‍ വലിയൊരളവുവരെ രോഗം പകരാതിരിക്കാന്‍ സഹായിക്കും.
രോഗചികില്‍സയേക്കാള്‍ ചെലവു കുറഞ്ഞതും ലളിതവുമാണ് രോഗപ്രതിരോധം. ഈ പ്രളയാനന്തര രോഗപ്രതിരോധം കേരളീയരെ സംബന്ധിച്ച് ഒരു ജീവന്‍മരണ പോരാട്ടമാണ്. ി

Next Story

RELATED STORIES

Share it