പ്രളയകാലത്ത് അനുവദിച്ച അരി സൗജന്യമാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിന് അധികമായി അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംസ്ഥാനം നേരിട്ട ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇതിന്റെ വില എന്‍ഡിആര്‍എഫില്‍ നിന്ന് വെട്ടിക്കുറയ്ക്കരുതെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ 1.18 ലക്ഷം ടണ്‍ അരി സംസ്ഥാനം സൗജന്യമായി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഭക്ഷ്യ-പൊതു വിതരണ മന്ത്രാലയം 89,540 ടണ്‍ അരി അധികമായി അനുവദിച്ചു. തല്‍ക്കാലം വില ഈടാക്കുന്നില്ലെങ്കിലും താങ്ങുവില കണക്കാക്കി ഇതിന്റെ വില ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നോ, ഭക്ഷ്യഭദ്രതാ നിയമപ്രകാരം കേരളത്തിന് അനുവദിക്കുന്ന മറ്റ് പദ്ധതികളില്‍ നിന്നോ കുറയ്ക്കുമെന്നാണു ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചിട്ടുളളത്. എന്‍ഡിആര്‍എഫില്‍ നിന്നും മറ്റു പദ്ധതികളില്‍ നിന്നും ഇത് കുറയ്ക്കുന്നതു സംസ്ഥാനത്തിനു വലിയ പ്രയാസമുണ്ടാക്കും. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഹജ്ജ് യാത്രയ്ക്കുള്ള കേന്ദ്രങ്ങളായി കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സിവില്‍-വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനും മുഖ്യമന്ത്രി കത്തയച്ചു. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം താല്‍ക്കാലികമായി കൊച്ചിയിലേക്ക് മാറ്റിയിരുന്നു. വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ തടസ്സമുളളതു കൊണ്ടാണ് ഹജ്ജ്‌കേന്ദ്രം കൊച്ചിയിലേക്ക് മാറ്റിയത്. എന്നാല്‍ കോഴിക്കോട്ട് വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ ഈയിടെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കിയിട്ടുണ്ട്. മലബാറില്‍ നിന്നുളള ഹജ്ജ് തീര്‍ത്ഥാടകരില്‍ അധികവും കോഴിക്കോട് വിമാനത്താവളമാണ് ഉപയോഗിച്ചിരുന്നത്. കണ്ണൂര്‍ വിമാനത്താവളം വാണിജ്യ സര്‍വീസിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ കണ്ണൂരിനെക്കൂടി എംബാര്‍ക്കേഷന്‍ കേന്ദ്രമായി അംഗീകരിക്കണം. കോഴിക്കോടിന് തെക്കുള്ള യാത്രക്കാര്‍ക്ക് കോഴിക്കോട് വിമാനത്താവളവും വടക്കുള്ള യാത്രക്കാര്‍ക്കു കണ്ണൂര്‍ വിമാനത്താവളവും സൗകര്യപ്രദമാണ്. ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it