പ്രളയം40,000 കോടിയുടെ നഷ്ടം; പലിശരഹിത വായ്പ 25 മുതല്‍ നല്‍കും

തിരുവനന്തപുരം: പ്രളയം മൂലം 40,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നു മന്ത്രി ഇ പി ജയരാജന്‍. ഏകദേശ കണക്കാണിതെന്നും നഷ്ടത്തിന്റെ തോത് ഇനിയും ഉയരുമെന്നും മന്ത്രി വ്യക്തമാക്കി. നഷ്ടങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ട് പൂര്‍ത്തിയാക്കി ഇന്നു തന്നെ കേന്ദ്രസര്‍ക്കാരിനു കൈമാറിയേക്കും. കേന്ദ്രം ഇതുവരെ ആയിരം കോടിയോളം നല്‍കി. 5.10 ലക്ഷം പേര്‍ക്ക് 10,000 രൂപയുടെ അടിയന്തര സഹായം നല്‍കിക്കഴിഞ്ഞു. 96500 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇനി കിട്ടാനുള്ളത്. ഒരുലക്ഷം രൂപയുടെ പലിശരഹിത വായ്പ ഈ മാസം 25 മുതല്‍ നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗൃഹോപകരണങ്ങള്‍ വാങ്ങാനാണ് പലിശരഹിത വായ്പ നല്‍കുന്നത്. അര്‍ഹരെ കണ്ടെത്താനും വായ്പത്തുക തീരുമാനിക്കാനും ശനിയും ഞായറും സംസ്ഥാനവ്യാപകമായി കുടുംബശ്രീ യോഗങ്ങള്‍ ചേരും. ഗൃഹോപകരണങ്ങള്‍ 50 ശതമാനമെങ്കിലും വിലക്കുറവില്‍ നല്‍കുന്ന കമ്പനികളില്‍ നിന്നു നേരിട്ടുവാങ്ങും. ഇതിനായി ഈ മാസം അവസാനം വിപണന മേളകള്‍ നടത്തും. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ വഴി നല്‍കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും.
ധനമന്ത്രി തോമസ് ഐസക്കിന്റെയും തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന കുടുംബശ്രീയുടെ യോഗത്തിലാണ് വായ്പയുടെ വിശദാംശങ്ങള്‍ തീരുമാനിച്ചത്. കുടുംബശ്രീ അംഗങ്ങളല്ലാത്തവര്‍ക്ക് ആനുകൂല്യം ലഭിക്കാന്‍ അംഗങ്ങളാവാം. അല്ലാത്തവര്‍ക്ക് നേരിട്ട് ബാങ്കില്‍നിന്നു വായ്പയെടുക്കാം. ഇതിന്റെ പലിശയും സര്‍ക്കാര്‍ വഹിക്കും. നാലു വര്‍ഷം കൊണ്ട് തിരിച്ചടവ് പൂര്‍ത്തിയാവുന്ന വായ്പയാണ് ലഭിക്കുക. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വെബ് പോര്‍ട്ടല്‍ ആരംഭിക്കും. 122 ദുരിതാശ്വാസ ക്യാംപുകളിലായി 1498 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. 6.89 ലക്ഷം വീടുകള്‍ തദ്ദേശ സ്ഥാപനങ്ങളും മറ്റും ഇതിനോടകം വൃത്തിയാക്കി. 2000 വിദ്യാലയങ്ങളില്‍ നിന്നു 2.5 കോടി പിരിക്കാന്‍ കഴിഞ്ഞു. ഈ മാസം 15 വരെ മന്ത്രിമാര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. പുനര്‍നിര്‍മാണം സംബന്ധിച്ച് കെപിഎംജിയുടെ റിപോര്‍ട്ട് വേഗത്തില്‍ ലഭ്യമാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it