പ്രളയം: പൊതു ആസ്തികള്‍ പുനസ്ഥാപിക്കാന്‍ നടപടി തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന പൊതു ആസ്തികള്‍ പുനസ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടികള്‍ തുടങ്ങി. ഇതിനായി ഓരോ ഗ്രാമപ്രദേശത്തും തൊഴിലുറപ്പ് പദ്ധതിയി ല്‍ ഏറ്റെടുക്കേണ്ട പ്രവൃത്തിക ള്‍ ഏതൊക്കെയാണെന്ന നിര്‍ദേശങ്ങള്‍ തൊഴിലുറപ്പ് മിഷന്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കി. ഇതിനായി പ്രവൃത്തി കണ്ടെത്താന്‍ ആദ്യം വാര്‍ഡ് തലത്തില്‍ ദ്രുത ഗ്രാമപഠനം നടത്തും.
വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീമാണ് പഠനത്തിനു നേതൃത്വം കൊടുക്കുക. ഇവര്‍ക്കാവശ്യമായ സാങ്കേതിക പിന്തുണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എന്‍ജിനീയര്‍മാരും ഓവര്‍സിയര്‍മാരും തദ്ദേശസ്വയംഭരണ എന്‍ജിനീയര്‍മാരും നല്‍കും. പൊതു അടിസ്ഥാന സൗകര്യങ്ങളുടെ പുനസ്ഥാപനത്തിനായി 2018ലെ വാര്‍ഷിക മാസ്റ്റര്‍ സര്‍ക്കുലര്‍ പ്രകാരം പ്രവൃത്തികള്‍ ഏറ്റെടുക്കാവുന്നതാണ്. പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്ത് പുനസ്ഥാപനം, സ്‌കൂള്‍ ശൗച്യാലയങ്ങളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണിയും തകര്‍ന്ന കലുങ്കുകളുടെ പുനസ്ഥാപനം, തകര്‍ന്ന ചെക്ഡാമുകള്‍, പൊതുകിണറുകള്‍, ജലസേചന കനാലുകള്‍ എന്നിവയുടെ പുനര്‍നിര്‍മാണം, കംപോസ്റ്റ് സംവിധാനങ്ങളുടെ പുനസ്ഥാപനം, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓവുചാലുകള്‍ എന്നിവയുടെ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണികളും ഏറ്റെടുക്കാവുന്ന പ്രവൃത്തിയില്‍ ഉള്‍പ്പെടുന്നു. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലിയെടുക്കുമ്പോള്‍ ദുര്‍ബല വിഭാഗങ്ങളുടെ പുരയിടങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണം.
കൂടാതെ പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട തൊഴില്‍ കാര്‍ഡുകള്‍ക്ക് പകരം പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും, തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും പ്രളയക്കെടുതിമൂലം തൊഴിലില്ലാതെ വിഷമത അനുഭവിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഇടപെടുമെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it