പ്രളയം: നാട്ടുകാരെ കണ്ണീരിലാഴ്ത്തി പുഴയില്‍ മകനെ തിരയുന്ന പിതാവ്

പരപ്പനങ്ങാടി: 22 ദിവസങ്ങള്‍ക്കുമുമ്പ് കടലുണ്ടിപ്പുഴയില്‍ കാണാതായ മകനെ തേടി പുഴയിലെ ആഴങ്ങളില്‍ ഇന്നും തിരയുന്ന പിതാവിന്റെ മുഖം ഏവരേയും കണ്ണീരിലാഴ്ത്തുന്നു. ആഗസ്റ്റ് 16ന് മാതാവിന്റെ വീട്ടിലേയ്ക്കു പോയി കടലുണ്ടിപ്പുഴയില്‍പ്പെട്ടു കാണാതായ മുഹമ്മദ് സിനാന് (12) വേണ്ടിയാണ് പിതാവ് അബ്ദുല്‍ ഗഫൂറിന്റെ തിരച്ചില്‍. ഒരു നാട് മുഴുവന്‍ സിനാനുവേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്തിയിരുന്നു. പക്ഷെ കണ്ടത്താനായില്ല.
പാലത്തിങ്ങല്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ സിനാന്റെ ഓര്‍മകള്‍ അലട്ടുമ്പോള്‍ നൊന്തുപെറ്റ ഫൗസിയയുടെ കണ്ണീരു കാണാന്‍ കഴിയാതെ ഭര്‍ത്താവ് തിരച്ചിലിനായി ഇറങ്ങും. അറ്റത്തങ്ങാടിയില്‍ സതക്കായിപറമ്പില്‍ വീട്ടില്‍ സിനാനടക്കം ആറു പേരാണുണ്ടായിരുന്നത്. മൂന്നിയൂരിലുള്ള ഫൗസിയയുടെ വീട്ടിലേയ്ക്കു പോയതായിരുന്നു സിനാന്‍. അവിടെ വെച്ചാണ് അപകടം. ഈ ഭാഗങ്ങളില്‍ മുഴുവനും കരയെ പുഴ വിഴുങ്ങിയ നിലയിലായിരുന്നു. തിരച്ചിലിനിറങ്ങിയ എസ്ഡിപിഐ, ഫയര്‍ഫോഴ്‌സ്, പോലിസ്, സന്നദ്ധ സംഘടനകള്‍ ഇവരെല്ലാം മണ്ണട്ടാംപാറ അണക്കെട്ട് മുതല്‍ കുട്ടിയെ കാണാതായ പരുവത്തികടവ് വരെ കിലോമീറ്ററുകളോളം കരയിലും പുഴയിലും അരിച്ചുപെറുക്കിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. തിരച്ചിലിനിറങ്ങുന്നവരുടെ കൂടെ പിതാവ് അബ്ദുല്‍ ഗഫൂറുമുണ്ടാവും. അപകടം നടന്ന ഉടനെ വ്യാപക തിരച്ചില്‍ നടത്താന്‍ കഴിയാത്തത് പിടിപ്പുകേടാണെന്നു നാട്ടുകാര്‍ പറയുന്നു. ബന്ധപ്പെട്ട അധികാരികള്‍ സിനാനെ ശ്രദ്ധിക്കാതെ മറ്റു രക്ഷപ്രവര്‍ത്തികളില്‍ മുഴുകുകയായിരുന്നു.
നേവിയുടെ വരവില്‍ മാത്രമാണ് ഇനിയുള്ള ഏക പ്രതീക്ഷ. പുഴയിലെ ചളിയടക്കം ഇളക്കി മറിച്ചുള്ള അവരുടെ തിരച്ചിലില്‍ ഒരു പക്ഷെ ചളിയില്‍ ആണ്ട് പോയേക്കാവുന്ന മകന്റെ ശരീരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ പിതാവും കുടുംബവും. നേവിക്ക് വേണ്ടി മലപ്പുറം ജില്ലാ കലക്ടറെ സമീപിച്ച് അഭ്യര്‍ഥിച്ചെങ്കിലും നടപടിയായിട്ടില്ല. മകനെ ഓര്‍ത്ത് വിതുമ്പുന്ന മാതാപിതാക്കളുടെ നെഞ്ച് പൊട്ടുന്ന വേദന ഈ വീട്ടിലെത്തുന്ന ഏതൊരാളുടെയും കണ്ണ് നിറക്കുന്നതാണ്. ഓരോ തവണ ഫോണ്‍ വരുമ്പോഴും മകന്റെ വിവരമാകണേ എന്നാണ് ഇവരുടെ പ്രാര്‍ഥന.

Next Story

RELATED STORIES

Share it