ernakulam local

പ്രളയം തകര്‍ത്ത റോഡില്‍ ഗതാഗതം അസാധ്യമായി

കാലടി: കാഞ്ഞൂര്‍ പഞ്ചായത്തിലെ രണ്ട് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപാത പ്രളയം മൂലം തകര്‍ന്നു. കാലടി കാഞ്ഞൂര്‍ വെള്ളാരപ്പിള്ളി ഭാഗങ്ങളില്‍നിന്നും എളുപ്പത്തില്‍ വിമാനത്താവളത്തിലേക്ക് എത്താന്‍ ഉപയോഗിക്കുന്ന പ്രധാന പാതയാണ് ഗതാഗതം നിലച്ച് നാട്ടുകാര്‍ക്ക് ഭീഷണിയായി നിലകൊള്ളുന്നത്. വിമാനത്താവളത്തിന്റെ വരവോടെ മുറിഞ്ഞുപോയ റോഡിനു പകരം നിര്‍മിച്ച പാതയാണിത്. തുറവുംകര തോട്ടില്‍ പൈപ്പ് സ്ഥാപിച്ച് നികത്തിയ ഭാഗത്താണ് വന്‍തോതില്‍ റോഡ് തള്ളിപ്പോയത്. കൂടാതെ സമീപത്തുള്ള റബര്‍ മരങ്ങള്‍ മറിഞ്ഞു വീണതും ഖരമാലിന്യങ്ങള്‍ വന്നടി ഞ്ഞതും ഈറോഡിലെ ഗതാഗതം അസാധ്യമാക്കി. വിമാനത്താവള അധികൃതരുടെ അനാസ്ഥമൂലം പുനര്‍നിര്‍മിക്കാനാവാതെ കിടക്കുന്ന റോഡ് അടിയന്തരമായി ഉയര്‍ത്തി നിര്‍മിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് കോണ്‍ഗ്രസ് തുറവുംകര ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തോട്ടില്‍ നീരൊഴുക്ക് പുനസ്ഥാപിക്കുകയും ഈ ഗ്രാമം നേരിടുന്ന വെല്ലുവിളി അവസാനിപ്പിക്കുകയും വേണം. തോടിനു കുറുകെ നിര്‍മിച്ചിട്ടുള്ള അഞ്ച് റോഡുകള്‍ പാലമാക്കി ഉയര്‍ത്തണമെന്ന പഠന റിപോര്‍ട്ട് നടപ്പാക്കാതെ കുറ്റകരമായ അനാസ്ഥയാണ് സിയാല്‍ അധികൃതര്‍ തുടരുന്നതെന്നും ഇതുമൂലം മലവെള്ളം വന്നാല്‍ പ്രദേശം വെള്ളത്തിനടിയിലാവുന്ന സ്ഥിതിയാണുള്ളതെന്നും യോഗം കുറ്റപ്പെടുത്തി. ഇനിയും ഇക്കൂട്ടരുടെ ദയാദാക്ഷിണ്യത്തിന് കാത്തു നില്‍ക്കേണ്ടതില്ലെന്നും ശക്തമായ പ്രക്ഷോഭത്തിന് തങ്ങള്‍ നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. ബൂത്ത് പ്രസിഡന്റ് പി എച്ച് ഹമീദ് അധ്യക്ഷത വഹിച്ചു ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it