thrissur local

പ്രളയം; ജീവിതവെളിച്ചം നഷ്ടമായവര്‍ക്ക് തിരിവെട്ടവുമായി ഒരു ലൈന്‍മാന്‍

ജോസ് മാളിയേക്കല്‍

കുന്നംകുളം: ഇരുട്ടില്‍ കഴിയുന്നവര്‍ക്ക് വെളിച്ചമേകുക എന്നതാണ് വൈദ്യുതി വിഭാഗം ജീവനക്കാരുടെ ജോലി. പ്രളയം തീര്‍ത്ത ദുരിതത്തില്‍ ജീവിതത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടവര്‍ക്ക് ഒരു തിരി വെട്ടം പകരുകയാണ് കൂനംമൂച്ചി ഇലട്രിക് സെക്ഷനിലെ ലൈന്‍മാനായ സി ഡി ഫ്രാന്‍സിസ്. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള സേവനത്തിന് ശേഷം ദുരിതബാധിത മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നോട്ടുപുസ്തകങ്ങള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ് ഫ്രാന്‍സിസ്. ഊര്‍ജ്ജ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുള്ള ഫ്രാന്‍സിസിന് സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി വകുപ്പിന്റെയും പുരസ്‌ക്കാരങ്ങള്‍ തേടിയെത്തിരുന്നു. പ്രകൃതി സംരക്ഷണ രംഗത്തും തന്റേതായ കൈയ്യാപ്പ് ചാര്‍ത്തിയിട്ടുള്ള ഫ്രാന്‍സിസ് തനിക്ക് ലഭിച്ച അവാര്‍ഡ് തുകയില്‍ നിന്നുള്ള വിഹിതം ചിലവഴിച്ചാണ് നോട്ട് പുസ്തകം തയ്യാറാക്കുന്നതിനുള്ള സമാഗ്രികള്‍ വാങ്ങിയത്. കുട്ടിക്കാലത്ത് വീട്ടിലുണ്ടായിരുന്ന പ്രസ്സില്‍ നിന്ന് സായത്തമാക്കിയ പുസ്തക നിര്‍മ്മാണത്തിന്റെ ബാലപാഠങ്ങള്‍ ഓര്‍മ്മിച്ചെടുത്താണ് പുസ്തകങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. പ്രളയത്തിന്റെ ദുരിതം ഏറെ വലച്ച കുട്ടനാടിലെ കാവാലം ഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് ഇപ്പോള്‍ പുസ്തകം നിര്‍മ്മിക്കുന്നത്. സഹപ്രവര്‍ത്തകരുടെ പിന്തുണയും ഇതിനായി ലഭിക്കുന്നുണ്ട്. തനിക്ക് ലഭിച്ച നന്‍മ വരും തലമുറയ്ക്കും പകരുക എന്നതിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനം നടത്തുന്നതെന്ന് ഫ്രാന്‍സിസ് പറഞ്ഞു. ചൂണ്ട ല്‍, കണ്ടാണശ്ശേരി പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമാണെങ്കില്‍ പുസ്തകം നിര്‍മ്മിച്ച് നല്‍കാന്‍ ഫ്രാന്‍സിസ് തയ്യാറാണ്. ദുരിതം തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ക്ക് തന്റെ പ്രവര്‍ത്തനങ്ങള്‍ വഴി നന്‍മയുടെ ഒരു ചെറുവെട്ടമെങ്കിലും പകരാന്‍ കഴിയുമെന്ന പ്രതിക്ഷയില്‍ ഫ്രാന്‍സിസ് പുസ്തക നിര്‍മ്മാണം തുടരുകയാണ്.

Next Story

RELATED STORIES

Share it