പ്രളയം: ഖത്തര്‍ റെഡ്ക്രസന്റ് 36 കോടി നല്‍കും

ദോഹ: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിന് ഖത്തര്‍ റെഡ്ക്രസന്റ് 36 കോടി രൂപയുടെ സഹായം നല്‍കും. ഭാഗികമായും പൂര്‍ണമായും തകര്‍ന്ന വീടുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, പൊതുശൗചാലയങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മാണത്തിനാവും ഈ തുക വിനിയോഗിക്കുക. കഴിഞ്ഞ മാസം 28ന് ഡല്‍ഹിയില്‍ ചേര്‍ന്ന സുപ്രധാന യോഗത്തിലാണ് ഖത്തര്‍ റെഡ്ക്രസന്റും നാഷനല്‍ റെഡ് ക്രോസ് സൊസൈറ്റിയും ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.
ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നയതന്ത്ര സുരക്ഷയോടു കൂടിയ ഓഫിസ് തുറക്കാനൊരുങ്ങുകയാണ് ഖത്തര്‍ റെഡ് ക്രസന്റെന്ന് കേരള റെഡ്‌ക്രോസ് സൊസൈറ്റി വൈസ് ചെയര്‍മാന്‍ സുനില്‍ സി കുര്യന്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. സഹായത്തിനര്‍ഹരായവരുടെ പട്ടിക കൈമാറാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതി നടത്തിപ്പിന്റെ പൂര്‍ണ ചുമതല റെഡ്‌ക്രോസിനായിരിക്കുമെന്നും സുനില്‍ സി കുര്യന്‍ അറിയിച്ചു.
കൂടാതെ, മലപ്പുറം, ഇടുക്കി ജില്ലകളിലെ രണ്ട് ഗ്രാമങ്ങള്‍ റെഡ് ക്രോസ് ദത്തെടുക്കും. ഈ ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് മുന്‍തൂക്കം നല്‍കി പദ്ധതികള്‍ക്ക് രൂപം നല്‍കും. ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രസന്റിന്റെ കണ്‍ട്രി ക്ലസ്റ്റര്‍ ഹെഡ് ലിയോ പ്രോപ് ഈ മാസം 14ന് കേരളത്തിലെത്തും.
പ്രളയബാധിത പ്രദേശങ്ങളില്‍ ശ്രീലങ്ക, നേപ്പാള്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ റെഡ്‌ക്രോസില്‍ നിന്ന് വിവിധ സഹായങ്ങള്‍ ലഭിച്ചിരുന്നു. കനേഡിയന്‍ റെഡ്‌ക്രോസ് ഭാരവാഹികള്‍ ഈ മാസം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വിപുലമായ പദ്ധതികള്‍ക്ക് രൂപംനല്‍കാനുള്ള സാധ്യതകള്‍ ആരായുന്നതിനാണ് കനേഡിയന്‍ സംഘമെത്തുന്നത്.

Next Story

RELATED STORIES

Share it