പ്രളയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിവിധ വകുപ്പുകളും സമഗ്ര സത്യവാങ്മൂലം സമര്‍പ്പിക്കണം

കൊച്ചി: പ്രളയത്തിന്റെ കാരണവും അണക്കെട്ടു നിയന്ത്രണവും സംബന്ധിച്ച ഹരജികളില്‍ എതിര്‍കക്ഷികളായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിവിധ വകുപ്പുകളും സമഗ്രമായ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.
കേന്ദ്ര ജല കമ്മീഷന്‍, കെഎസ്ഇബി, ഡാം സേഫ്റ്റി അതോറിറ്റി, ജലസേചന വകുപ്പ്, ദേവസ്വം ബോര്‍ഡ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തുടങ്ങിയവരാണ് ഓരോ വാദങ്ങള്‍ക്കും വിശദീകരണം നല്‍കേണ്ടത്. കേസ് അടുത്തമാസം 10നു വീണ്ടും പരിഗണിക്കും. വയനാട് എംപി എം ഐ ഷാനവാസ്, എം പി ജോസഫ്, സി ആര്‍ നീലകണ്ഠന്‍, ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍, പി ആര്‍ ഷാജി, സുധീഷ് വി സെബാസ്റ്റ്യന്‍, റിങ്കു ചെറിയാന്‍, യൂസഫ്, ടി ജി മോഹന്‍ദാസ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയും സ്വമേധയാ എടുത്ത ഹരജിയുമാണ് ഇന്നലെ കോടതിയുടെ പരിഗണനയ്ക്കു വന്നത്. കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് ഈ കേസുകള്‍ പരിഗണിക്കുന്നതെന്നും വരുംകാല പ്രളയം സംബന്ധിച്ചു ആലോചിക്കുമെന്നും കോടതി പറഞ്ഞു. പ്രളയത്തിന്റെ കാരണമറിയാനും നിയന്ത്രണത്തിലെ വീഴ്ചകള്‍ കണ്ടെത്താനും വിദഗ്ധരടങ്ങിയ ഉന്നതതല സമിതി രൂപീകരിക്കണമെന്നാണ് എം ഐ ഷാനവാസ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. റിസര്‍വോയര്‍ ഓപറേഷന്‍ സംബന്ധിച്ച സ്ഥിരം സംവിധാനം വേണം, ദുരന്തനിവാരണം സംബന്ധിച്ച് ഉപദേശക സമിതി രൂപീകരിക്കണം തുടങ്ങിയവയാണ് ആവശ്യം. പ്രളയാനന്തരമുള്ള ദുരിതാശ്വാസം, പുനര്‍നിര്‍മാണം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമര്‍പ്പിച്ച 10ഓളം ഹരജികളില്‍ ഈ മാസം 19നും കോടതി വാദംകേള്‍ക്കും.
Next Story

RELATED STORIES

Share it