Flash News

പ്രളയം: ഇടുക്കി ജില്ലയെ പുനര്‍നിര്‍മിക്കുന്നതിനൊപ്പം ഭാവിയിലെ തകര്‍ച്ചയും തടയപ്പെടണം: പോപുലര്‍ ഫ്രണ്ട്

അടിമാലി: ഇടുക്കിയിലുണ്ടായ ജലപ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമെല്ലാം പ്രദേശവാസികളുടെ അവസ്ഥ ഭീകരമാക്കിയെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. നൂറുകണക്കിനു കുടുംബങ്ങള്‍ ഭവനരഹിതരായി. പ്രളയത്തെ തുടര്‍ന്ന് മാധ്യമശ്രദ്ധ ഇടുക്കിയില്‍ നിന്നു സമതല ജില്ലകളിലേക്ക് മാറിയതോടെ ജില്ലയിലെ ദുരന്തത്തിന്റെ യഥാര്‍ഥ തീവ്രത പുറത്തെത്തിയില്ല. 278 ഉരുള്‍പൊട്ടലുകളും 1400 ലേറെ ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായി. 60ലേറെ പേര്‍ മരിച്ചു. 17 പേരെ കണ്ടെത്താനായില്ല. ഇടുക്കിയില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 90 കിലോമീറ്ററിലേറെ റോഡുകള്‍ തകര്‍ന്നതായി പറയുന്നു. എന്നാല്‍, ദേശീയപാത, പൊതുമരാമത്ത് റോഡ് എന്നിവയുടെ മാത്രം കണക്കാണിത്. ജില്ലാ പഞ്ചായത്തടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കേന്ദ്രീയ ഫണ്ടുകള്‍ ഉപയോഗിച്ച റോഡുകളുടെയും തകര്‍ന്ന ഭാഗങ്ങളുടെ കണക്കുകള്‍ ഇനിയും ലഭ്യമായിട്ടില്ല.
സംസ്ഥാനത്ത് ശക്തമായ മഴയും ഇതേത്തുടര്‍ന്ന് ജലപ്രളയവും ഉണ്ടാവുമെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗവും ദുരന്തനിവാരണ അതോറിറ്റിയും നാളുകള്‍ക്കു മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഇടുക്കി അണക്കെട്ടുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നപ്പോഴും സര്‍ക്കാര്‍ ജാഗ്രത കാണിച്ചില്ല. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കുറഞ്ഞ അളവില്‍ വെള്ളം തുറന്നുവിട്ടിരുന്നെങ്കില്‍ ചെറുതോണി, കരിമ്പന്‍, കീരിത്തോട്, ചുരുളി മേഖലകളിലെ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനാവുമായിരുന്നു.
എന്നാല്‍ അണക്കെട്ടിലെ വെള്ളം ഒരേ സമയം തുറന്നു വിട്ടതിലൂടെ പെരിയാറിന്റെ ഇരുകരകളിലുമുള്ള കര്‍ഷകരുടെ വീടും വളര്‍ത്തു മൃഗങ്ങളും കൃഷിയുമെല്ലാം നശിക്കുന്ന അവസ്ഥയുണ്ടായി. ജില്ലയിലെ പെരിയാറിന്റെ കരകളിലുള്ള ദുരിതബാധിതരെ മാറ്റി പകരം സംവിധാനം ഒരുക്കുന്നതില്‍ വീഴ്ച പറ്റിയതായി ക്യാംപുകളില്‍ കഴിയുന്നവര്‍ ഒന്നടങ്കം പറയുന്നു. ഇതെല്ലാം സര്‍ക്കാരിന്റെ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ വീഴ്ച അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. യാഥാര്‍ഥ്യം തുറന്നുകാണിക്കുന്നവരെ പരിഹസിക്കാനും അവഗണിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
പ്രളയവും ഉരുള്‍പൊട്ടലും മൂലം വീടും സ്വത്തുക്കളുമെല്ലാം നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ ദുരിതബാധിതര്‍ക്കു വേണ്ടി സര്‍ക്കാര്‍ അടിയന്തരമായി പുനരധിവാസ പാക്കേജ് നടപ്പാക്കണം. അതോടൊപ്പം ഭാവിതലമുറയെ അവഗണിച്ച് മനുഷ്യര്‍ പ്രകൃതിയോട് കാണിക്കുന്ന സമീപനത്തിന്റെ പ്രതിഫലനങ്ങളാണ് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ആക്കം കൂട്ടിയത്.
ജില്ലയിലെ ദുരന്ത മേഖലകളായ വെള്ളത്തൂവല്‍, പന്നിയാര്‍കുട്ടി, കല്ലാര്‍കുട്ടി, ആയിരമേക്കര്‍, കൂമ്പന്‍പാറ, ഇരുമ്പുപാലം മേഖലകള്‍ ഇന്നലെ സംസ്ഥാന പ്രസിഡന്റും സംഘവും സന്ദര്‍ശിച്ചു. പിന്നീട് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ പ്രവര്‍ത്തകരെ അടിമാലിയില്‍ ആദരിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഖജാഞ്ചി എം കെ അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് നൗഷാദ് മുരിക്കാശ്ശേരി, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ മജീദ്, ജില്ലാ സെക്രട്ടറി റഹിം സിബി, കെ എം സുധീര്‍, വി എം ഹനീഫ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it