Flash News

പ്രളയം; ആശങ്കയോടെ തമിഴ് പ്രവാസികള്‍

പ്രളയം; ആശങ്കയോടെ തമിഴ് പ്രവാസികള്‍
X
chennai-flood



[related]

ദോഹ: തോരാതെ പെയ്യുന്ന മഴയില്‍ വെള്ളത്തിലായ ചെന്നൈയിലെയും പരിസരപ്രദേശങ്ങളിലെയും ബന്ധുക്കളെയോര്‍ത്ത് ആശങ്കയോടെ ഖത്തറിലെ തമിഴ് നാട് സ്വദേശികളായ പ്രവാസികള്‍. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന അറിയിപ്പ് കേട്ട് പ്രാര്‍ഥനാ നിരതരായി തുടരുകയാണവര്‍.
ചൊവ്വാഴ്ച മുതല്‍ ടെലഫോണ്‍ ബന്ധവും വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടതിനാല്‍ പ്രവാസികളില്‍ പലര്‍ക്കും ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ചെന്നൈയിലെ സുഹൃത്തുക്കളെയും അരിയലൂരില്‍ കട നടത്തുന്ന ഭാര്യാ സഹോദരനെയും പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് ഖത്തറില്‍ 20 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന തമിഴ്‌നാട്ടുകാരനായ രാജു രഞ്ജന്‍ പറഞ്ഞു. ചെന്നൈയെപ്പോലെ തന്നെ പ്രളയം സാരമായി ബാധിച്ച പ്രദേശമാണ് മല്‍സ്യബന്ധന ഗ്രാമമായ ചുഡല്ലൂര്‍. ഇവരുടെ പല ബന്ധുക്കളും ഖത്തറില്‍ മീന്‍പിടിത്തക്കാരായുണ്ട്. ചെന്നൈ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ഇവരെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് ചുഡല്ലൂര്‍ സ്വദേശിയായ ശിവ പെരുമാള്‍ പറഞ്ഞു. ഉയര്‍ന്ന കെട്ടിടങ്ങളിലും മറ്റും സഹായത്തിനായി കാത്ത് കഴിയുന്ന ബന്ധുക്കളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളിലും മറ്റും നിരവധി അഭ്യര്‍ഥനകളാണ് വരുന്നത്. ചെന്നൈയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുള്ള എസ്ഡിപിഐയുടെ ഫെയ്‌സ് ബുക്ക് പേജിലേക്ക് ഇത്തരത്തില്‍ നിരവധി അപേക്ഷകളെത്തി.
കഴിഞ്ഞ ദിവസം സ്വീഡനില്‍ നിന്ന് വന്ന ഇത്തരമൊരു അപേക്ഷയില്‍ ലഭിച്ച വിവരങ്ങളനുസരിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ അദ്ദേഹത്തിന്റെ ഉമ്മയെയും മകളെയും ബോട്ടില്‍ രക്ഷിച്ചിരുന്നു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചതിനാല്‍ ആയിരക്കണക്കിന് തമിഴ്‌നാട് സ്വദേശികള്‍ നാട്ടില്‍ പോവാനാവാതെ കുടുങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് വിമാനത്താവളം അടച്ചത്. ചെന്നൈക്ക് സമീപത്തുള്ള കടലൂര്‍, തഞ്ചാവൂര്‍, പോണ്ടിച്ചേരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട്ടുകാരില്‍ കൂടുതലും. വിമാനത്താവളം അടച്ചത് ഇവരുടെ യാത്രയെയും ബാധിക്കും. ചെന്നൈക്ക് പകരമുള്ള ദക്ഷിണേന്ത്യയിലെ മറ്റേത് വിമാനത്താവളത്തിലേക്കും അതേ നിരക്കില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് എയര്‍ ഇന്ത്യ മിഡില്‍ ഈസ്റ്റ് ആഫ്രിക്ക മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it