പ്രളയം;വെള്ളപ്പൊക്ക മാപ്പിങും വാട്ടര്‍ മാനേജ്‌മെന്റ് പ്ലാനും അനിവാര്യം

സി എ സജീവന്‍

തൊടുപുഴ: സംസ്ഥാനത്തിന് വെള്ളപ്പൊക്ക മാപ്പിങും വാട്ടര്‍ മാനേജ്‌മെന്റ് പ്ലാനുമില്ലാതെ പോയതാണ് പ്രളയക്കെടുതി രൂക്ഷമാവാനിടയാക്കിയതെന്നു കേരള ഭൗമപഠന കേന്ദ്രം (സെസ്) ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ജലവിഭവ വകുപ്പിനോ കൂടുതല്‍ അണക്കെട്ടുകള്‍ കൈയാളുന്ന വൈദ്യുതി ബോ ര്‍ഡിനോ സമഗ്ര വെള്ളപ്പൊക്ക മാനേജ്‌മെന്റ് പദ്ധതിയില്ലാത്തതിനാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ അത് ഗുരുതരമായി ബാധിച്ചു. ഡാം തുറന്നുവിട്ട് ബാക്കിയെല്ലാം ദുരന്തനിവാരണ അതോറിറ്റി ചെയ്തുകൊള്ളുമെന്ന സമീപനമാണ് വൈദ്യുതി ബോര്‍ഡും സംസ്ഥാന ജലവിഭവ വകുപ്പും സ്വീകരിച്ചത്.
മണ്‍സൂണ്‍ കനത്തതാണ് പ്രശ്‌നമെന്നു വിലയിരുത്തുമ്പോള്‍ പോലും ഇത്തരമൊരു സാഹചര്യം മുന്‍കൂട്ടി കാണാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കഴിഞ്ഞില്ലെന്നത് വലിയ പോരായ്മയായി. മുല്ലപ്പെരിയാര്‍ ഭീഷണിയുടെ പശ്ചാത്തലത്തിലെങ്കിലും ഫഌഡ് മാപ്പിങ് നടത്തേണ്ടതായിരുന്നു എന്ന അഭിപ്രായമാണ് വിവിധ ഉദ്യോഗസ്ഥര്‍ക്കുള്ളത്. എന്നാല്‍, അത് ഏതു വകുപ്പാണ് മുന്‍കൈ എടുക്കേണ്ടതെന്നു മാത്രം ആര്‍ക്കും ധാരണയില്ല.
ഇടുക്കിയുള്‍െപ്പടെയുള്ള അണക്കെട്ടുകള്‍ തുറന്നുവിട്ടാല്‍ എവിടെയൊക്കെ വെള്ളം പൊങ്ങുമെന്ന ധാരണപോലും റവന്യൂ വകുപ്പിനും കെഎസ്ഇബിക്കും ദുരന്തനിവാരണ അതോറിറ്റിക്കും വ്യക്തമായി ഉണ്ടായിരുന്നില്ല. ഈ അജ്ഞത പ്രളയക്കെടുതിയുടെ ആക്കം കൂട്ടുന്നതിനിടയാക്കി.
എറണാകുളം ജില്ലാ ഭരണകൂടത്തിന് ഇതുസംബന്ധിച്ച യാതൊരു ചിത്രവും ഇടുക്കിയില്‍ നിന്നു ലഭ്യമാവാതെ പോയതാണ് അവിടെ വെള്ളപ്പൊക്കക്കെടുതി നിയന്ത്രണാതീതമാവാതിരുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഫലത്തില്‍ ഓരോ ഡാമുകള്‍ക്കും ഓരോ രീതികളാണ് അനുവര്‍ത്തിക്കുന്നത്. ഇവയേയെല്ലാം ഏകോപിപ്പിച്ചു സമഗ്ര വെള്ളപ്പൊക്ക മാനേജ്‌മെന്റ് പദ്ധതികളുണ്ടായാല്‍ നാശനഷ്ടങ്ങള്‍ ലഘൂകരിക്കാനാവുമെന്ന അഭിപ്രായമാണ് ഉയരുന്നത്.
ഇക്കാര്യത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനാണ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുകയെന്നു വാട്ടര്‍ മാനേജ്‌മെന്റ് വിദഗ്ധര്‍ പറയുന്നു. കേരളത്തിന് വാട്ടര്‍ മാനേജ്‌മെന്റ് വിദഗ്ധര്‍ ഏറെയുണ്ട്. അവരെ നിയോഗിച്ചുകൊണ്ട് വൈദ്യുതി ബോര്‍ഡില്‍ത്തന്നെ പ്രത്യേക വിഭാഗത്തെ നിയോഗിക്കാവുന്നതാണ്. ഇവര്‍ക്ക് ഡപ്യൂട്ടേഷന്‍ നിയമനം നല്‍കിയാല്‍ അധിക സാമ്പത്തിക ബാധ്യതയും ഒഴിവാക്കാമെന്നു കേരള ഭൗമപഠന കേന്ദ്രം (സെസ്) കണ്‍സള്‍ട്ടന്റ് ശങ്കര്‍ പറഞ്ഞു. സെസിനും കോഴിക്കോട്ടെ സിഡബ്ല്യൂആര്‍ഡിഎമ്മിനും ഇതിനുള്ള സാങ്കേതിക പരിജ്ഞാനം നല്‍കാനുമാവും.
അതേസമയം, കേന്ദ്ര ജല കമ്മീഷനാണ് വാട്ടര്‍ മാനേജ്‌മെ ന്റും വെള്ളപ്പൊക്ക മാപ്പിങുമൊക്കെ നടത്തേണ്ടതെന്ന അഭിപ്രായവും സംസ്ഥാനത്തെ ചില ഉദ്യോഗസ്ഥര്‍ക്കുണ്ട്. എന്നാല്‍, ഇതൊക്കെ സംസ്ഥാന നിലപാടാണെന്ന ഉദാസീന സമീപനമാണ് ജല കമ്മീഷനുള്ളത്.

Next Story

RELATED STORIES

Share it