Gulf

പ്രമേഹ രോഗികള്‍ക്ക് പാദ സുരക്ഷ പ്രധാനമെന്ന് എച്ച്എംസി

ദോഹ: പ്രമേഹ രോഗം അപകടകരമാവാതെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ കാല്‍പ്പാദങ്ങളുടെ സംരക്ഷണം വളരെ പ്രധാനമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഇന്റേണല്‍ മെഡിസിന്‍ ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്‍ ബാദി അബൂസംറ.
എച്ചഎംസിയില്‍ ചികില്‍സയ്‌ക്കെത്തുന്ന പ്രമേഹ രോഗികള്‍ക്ക് മുഴുവന്‍ വര്‍ഷത്തിലൊരിക്കല്‍ വിശദമായ പാദ പരിശോധന നിര്‍ദേശിക്കാറുണ്ട്. കാലില്‍ എന്തെങ്കിലും പ്രശ്‌നമനുഭവപ്പെടുന്നവര്‍ കൂടുതല്‍ തവണ പരിശോധിക്കേണ്ടി വരും.
കാല്‍പാദങ്ങളുടെ അടിയില്‍ ചുവന്ന അടയാളങ്ങള്‍, വീക്കം, പൊള്ളല്‍ എന്നിവ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. പാദത്തിന്റെ അടിവശം ശരിക്കും കാണാന്‍ സാധിക്കാത്തവര്‍ക്ക് കണ്ണാടി ഉപയോഗിച്ചോ മറ്റൊരാളുടെ സഹായം തേടിയോ പരിശോധന നടത്താവുന്നതാണെന്ന് പ്രൊഫ. അബൂസംറ പറഞ്ഞു.
പ്രമേഹം പാദത്തിലേക്കുള്ള രക്തംചംക്രമണം തടസ്സപ്പെടുന്നതു മൂലം സംവേദന ശേഷി നശിക്കാന്‍ സാധ്യതയുണ്ട്. ഇതു മൂലം കാലില്‍ മുറിവോ മറ്റോ ഉണ്ടായാല്‍ ശ്രദ്ധയില്‍പ്പെടില്ല. രക്തചംക്രമണം കുറവായത് മൂലം മുറിവ് പെട്ടെന്ന് കരിയുകയുമില്ല. ഇത് കാല്‍ തന്നെ മുറിച്ചു കളയേണ്ട അവസ്ഥയിലെത്തിക്കും.
കാലില്‍ മുറിവോ അള്‍സറോ ഉണ്ടാവാന്‍ സാധ്യതയുള്ള രോഗികള്‍ക്ക് തെറാപ്യൂട്ടിക് ഷൂ നല്‍കാറുണ്ടെന്നും ഇത് കൂടുതല്‍ സങ്കീര്‍ണത ഒഴിവാക്കാന്‍ സഹായിക്കുമെന്നും അബൂസംറ വ്യക്തമാക്കി.
Next Story

RELATED STORIES

Share it