Flash News

പ്രമേഹ ബാധിത കുട്ടികള്‍ക്ക് 'മിഠായി'; സാമൂഹിക സുരക്ഷാ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷാ മിഷന്റെ പ്രമേഹ ബാധിത കുട്ടികള്‍ക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതിയായ 'മിഠായി'യുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 9.30നു തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കും. ആരോഗ്യ-സാമൂഹിക നീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മെഡിക്കല്‍ കോളജുകളിലെ ടൈപ്പ് 1 സെന്ററുകളുടെ ഉദ്ഘാടനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.
ടൈപ്പ് 1 പ്രമേഹം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പെരുമ്പാവൂരിനടുത്തുള്ള കുഞ്ഞിഫാത്തിമയുടെ കഥ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അടുത്തെത്തിയതോടെയാണ് അവരുടെ നിര്‍ദേശപ്രകാരം സാമൂഹിക സുരക്ഷാ മിഷന്‍ ഇത്തരമൊരു പരിപാടി ആവിഷ്‌കരിച്ചത്.
ടൈപ്പ് 1 പ്രമേഹരോഗം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികില്‍സയും ആവശ്യമായ ആരോഗ്യ, ചികില്‍സാ, ഭക്ഷണകാര്യ ഉപദേശങ്ങളും പരിരക്ഷയും നല്‍കുന്ന ഒരു സമഗ്ര പദ്ധതിയാണ് 'മിഠായി.'
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക ടൈപ്പ് 1 ഡയബറ്റിക് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ടൈപ്പ് 1 ഡയബറ്റിക് ബാധിതരായ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുമിച്ച് താമസിപ്പിച്ച് അവര്‍ക്ക് വിദഗ്‌ധോപദേശവും രോഗപരിചരണ പരിശീലനവും നല്‍കുന്ന റസിഡന്‍ഷ്യല്‍ ക്യാംപുകളും ഈ പദ്ധതിയുടെ ഭാഗമാണ്.
കേരളത്തിലെ മുഴുവന്‍ ടൈപ്പ് 1 ഡയബറ്റിക് കുട്ടികളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി രേഖപ്പെടുത്താവുന്ന ംംം.ാശേേമ്യശ.ീൃഴ വെബ്‌സൈറ്റും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ഈ വെബ്‌സൈറ്റില്‍ 1800 120 1001 എന്ന നമ്പറിലൂടെയോ ഇന്റര്‍നെറ്റ് ഉപയോഗിച്ചോ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
Next Story

RELATED STORIES

Share it