പ്രമേഹരോഗികളായ കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പ് നല്‍കും

തിരുവനന്തപുരം: പ്രമേഹരോഗികളായ കുരുന്നുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം. ഗുരുതരപ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പ് സൗജന്യമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
നാലുലക്ഷം രൂപവരെ ചെലവുവരുന്ന ചികില്‍സയാണ് എപിഎല്‍-ബിപിഎല്‍ ഭേദമില്ലാതെ രോഗബാധിതരായ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
ഡോക്ടര്‍മാരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാവും സര്‍ക്കാര്‍ സഹായം നല്‍കുക. കേരളത്തില്‍ കുട്ടികളില്‍ പ്രമേഹം വര്‍ധിക്കുന്നതായും ഇതു മരണകാരണമാവുന്നതായും റിപോര്‍ട്ടുകള്‍ ലഭിച്ചതായി മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ചെലവേറിയ ഇന്‍സുലിന്‍ പമ്പാണ് ഇതിനുള്ള ചികില്‍സാമാര്‍ഗം.
ചികില്‍സാ സഹായം അഭ്യര്‍ഥിച്ച് നിവേദനങ്ങള്‍ സര്‍ക്കാരിനു ലഭിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയാ സഹായപദ്ധതിയുടെ മാതൃകയില്‍ സൗജന്യസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്ക് എട്ടുമുതല്‍ 10 ലക്ഷം വരെയായിരുന്നു ചെലവു കണക്കാക്കിയിരുന്നത്.
എന്നാല്‍, സര്‍ക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി ഇത് അഞ്ചുലക്ഷമാക്കി കുറയ്ക്കാനായി. അതുപോലെ ഇന്‍സുലിന്‍ പമ്പിന്റെയും ചെലവുകുറയ്ക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താന്‍ സാമൂഹികനീതി മന്ത്രി എം കെ മുനീറിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹികനീതി വകുപ്പുമുഖേനയാവും പദ്ധതി നടപ്പാക്കുക.
Next Story

RELATED STORIES

Share it