പ്രമുഖ വ്യവസായികളുടെയും റിമി ടോമിയുടെയും വസതികളില്‍ ആദായനികുതി പരിശോധന

കൊച്ചി: പ്രവാസി വ്യവസായികളുടെയും ഗായിക റിമി ടോമിയുടെയും വസതിയില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തി. കൊല്ലത്തെ വ്യവസായി മഠത്തില്‍ രഘു, തിരുവനന്തപുരത്തെ അഡ്വ. വിനോദ് കുട്ടപ്പന്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടക്കുന്നത്.
തിരഞ്ഞെടുപ്പിനു വിദേശത്തു നിന്നു വന്‍തോതില്‍ കള്ളപ്പണം എത്തുന്നതായുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. നടിയും അവതാരകയും ഗായികയുമായ റിമി ടോമിയുടെ ഇടപ്പള്ളിയിലെ വസതിയിലും ഇതിനോടൊപ്പം ആദായനികുതി പരിശോധന നടത്തി. അഡ്വ. വിനോദ് കുട്ടപ്പനും അടൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി ജോണ്‍ ഗീവര്‍ഗീസ് കുരുവിളയും തമ്മില്‍ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പരിശോധനയില്‍ കണ്ടെത്തിയതായാണ് സൂചന.
കൊല്ലം ജില്ലയില്‍ നിരവധി ശാഖകളുള്ള മഠത്തില്‍ ഫിനാന്‍സ് എന്ന പണമിടപാട് സ്ഥാപനം ഇയാളുടെതാണ്. മഠത്തില്‍ രഘു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്. മഠത്തില്‍ രഘുവിന്റെ പണമിടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം ചില രാഷ്ട്രീയപ്പാര്‍ട്ടികളിലേക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളിലേക്കും ചെന്നെത്തുമെന്നാണ് സൂചന. ഗായിക റിമി ടോമിക്ക് വിദേശത്തു നിന്നു കണക്കില്‍ പെടാത്ത പണം ലഭിച്ചതായാണ് ആദായനികുതി വകുപ്പിന് ലഭിച്ച വിവരം.
റിമി ടോമിക്ക് വിദേശത്ത് സ്റ്റേജ് ഷോകളില്‍ നിന്ന് വന്‍തുക പ്രതിഫലം ലഭിക്കുന്നുണ്ടെങ്കിലും ആദായനികുതി റിട്ടേണുകളില്‍ ഇതുമായി ബന്ധപ്പെട്ടു നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുണ്ട്. ഇടപ്പള്ളിയിലെ റിമിയുടെ വീട്ടിലും തൊട്ടടുത്തുള്ള സഹോദരന്റെ വസതിയിലും പരിശോധന നടന്നു.
Next Story

RELATED STORIES

Share it