പ്രമുഖ ബൈക്ക് യാത്രിക വീനു പലിവാല്‍ റോഡപകടത്തില്‍ മരിച്ചു

വിദിഷ(മധ്യപ്രദേശ്): ഹാര്‍ലി ഡേവിഡ്‌സണില്‍ ദീര്‍ഘദൂര യാത്രകള്‍ നടത്തിയിരുന്ന പ്രമുഖ ബൈക്ക് യാത്രിക വീനു പലിവാല്‍(44) റോഡപകടത്തില്‍ മരിച്ചു. ഭോപാലില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഗ്യാരാസ്പൂരില്‍ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം. ജയ്പൂര്‍ സ്വദേശിയായ ഇവര്‍ മോട്ടോര്‍ സൈക്കിളില്‍ രാജ്യത്തുടനീളം പര്യടനം നടത്തുന്നതിനിടെയായിരുന്നു അപകടത്തില്‍പ്പെട്ടത്.
സഹയാത്രികനായ ദീപേഷ് തല്‍വാര്‍ മറ്റൊരു ബൈക്കില്‍ അനുഗമിച്ചിരുന്നു. അപകടത്തെത്തുടര്‍ന്ന് ഇവരെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദിഷ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോട്ടോര്‍ സൈക്കിളില്‍ രാജ്യം ചുറ്റുന്നതിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കാനും ഇവര്‍ക്കു പദ്ധതിയുണ്ടായിരുന്നു.
ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചതിന്റെ പേരിലാണ് വീനു പലിവാല്‍ അറിയപ്പെട്ടിരുന്നത്. ബൈക്കില്‍ സഞ്ചരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ വീനു പലിവാല്‍ ഭര്‍ത്താവുമായി പിരിയുകയും ചെയ്തിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.
തന്റെ ബൈക്ക് യാത്രകളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സ്ഥിരമായി എഴുതിയിരുന്ന വീനുവിനെ നിരവധിപേര്‍ വായിച്ചിരുന്നു. അവസാനത്തെ യാത്രയും നല്ല സ്‌റ്റൈലായി ഓടിച്ചുപോയി എന്നാണ് വീനുവിന്റെ മരണത്തെക്കുറിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി ചെയ്താണ് അവര്‍ മരിച്ചതെന്ന് പലരും ആശ്വാസം കൊള്ളുന്നു.
Next Story

RELATED STORIES

Share it