World

പ്രമുഖ നേതാക്കള്‍ക്ക് കൂട്ടത്തോല്‍വി

ഇസ്‌ലാമാബാദ്: സൈന്യം ഇടപെടാന്‍ ശ്രമിച്ചു എന്ന ആരോപണങ്ങള്‍ക്കും വ്യാപക അക്രമങ്ങള്‍ക്കുമിടെ നടന്ന പാക് പാര്‍ലമെന്റ് പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കടക്കം കാലിടറി. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ശാഹിദ് ഖാക്വാന്‍ അബ്ബാസി, പാകിസ്താന്‍ മുസ്‌ലിംലീഗ്-നവാസ് (പിഎംഎല്‍-എന്‍) ചെയര്‍മാന്‍ ഷഹബാസ് ശരീഫ്, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ ബിലാവല്‍ ഭൂട്ടോ, ജമാഅത്തെ ഇസ്മാലി നേതാവ് സിറാജുല്‍ ഹഖ്, എന്നിവര്‍ അപ്രതീക്ഷിത തിരിച്ചടി ഏറ്റവരില്‍ ഉള്‍പ്പെടും. നവാസ് ശരീഫിനെ സുപ്രിംകോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിപദം ഏറ്റെടുത്ത അബ്ബാസി റാവല്‍പിണ്ഡിയിലെ എന്‍എ 57 മണ്ഡലത്തിലും ഇസ്‌ലാമാബാദിലെ എന്‍എ 53ല്‍ നിന്നുമായിരുന്നു ജനവിധി തേടിയത്. അനൗദ്യോഗിക ഫലം പുറത്തുവന്നപ്പോള്‍ രണ്ടു മണ്ഡലങ്ങളിലും അബ്ബാസി പരാജയം ഏറ്റുവാങ്ങി. പിഎംഎല്‍-എന്നിന്റെ സുരക്ഷിത സീറ്റായി പരിഗണിക്കുന്ന മണ്ഡലമാണ്് എന്‍എ 57. 1985 അബ്ബാസിയുടെ പിതാവും 1990, 93, 97, 2008, 2013 വര്‍ഷങ്ങളില്‍ അബ്ബാസിയും ഇവിടെ നിന്നു വിജയിച്ചിരുന്നു. 2002ല്‍ മാത്രമാണ് അബ്ബാസി ഇവിടെനിന്നു പരാജയമറിഞ്ഞത്.
സ്വാത് ലാഹോര്‍, കറാച്ചി എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് സീറ്റുകളില്‍ മല്‍സരിച്ച ശഹബാസ് ശരീഫ് കറാച്ചിയിലെ എന്‍എ 3 സീറ്റില്‍ നിന്നു തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. ശരീഫിന്റെ വിശ്വസ്ഥനായിരുന്ന റനാ സനാഉല്ലാ, പിഎംഎല്‍-എന്‍ നേതാവ് ഖാജ സഅദ് റഫീഖ്, മുന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലിഖാന്‍, മുന്‍ സിന്ധ് മുഖ്യമന്ത്രി അര്‍ബാബ് റഹീം, മുത്തഹിദെ മജ്‌ലിസെ അമല്‍ പ്രസിഡന്റ് ഫസലു റഹ്മാന്‍, അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോയുടെ മകനും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ ബിലാവല്‍ ഭൂട്ടോ എന്നിവര്‍ പരാജയമറിഞ്ഞവരില്‍പ്പെടും. എന്നാല്‍ ബിലാവല്‍ സിന്ധ് പ്രവിശ്യയിലെ ലാര്‍കാന മണ്ഡലത്തില്‍ നിന്നു വിജയിച്ചു. അതേസമയം ഇംറാന്‍ ഖാന്‍ മല്‍സരിച്ച അഞ്ച് സീറ്റുകളിലും വിജയിച്ചു.
Next Story

RELATED STORIES

Share it