Flash News

'പ്രമുഖരെ' കാണാന്‍ മുഖ്യമന്ത്രി; കത്ത് വിവാദമാവുന്നു

ടി  എസ്  നിസാമുദ്ദീന്‍

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയന് ഇടുക്കി ജില്ലയിലെ 'പ്രമുഖരെ' കാണാനുള്ള സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ ക്ഷണക്കത്ത് തിരികൊളുത്തിയതു വന്‍വിവാദങ്ങള്‍ക്ക്. സാധാരണക്കാരന്റെയും തൊഴിലാളികളുടെയും പാര്‍ട്ടി എന്ന് അവകാശപ്പെട്ട് അധികാരത്തിലിരിക്കുന്നതിനിടെ ജില്ലയിലെ പ്രമുഖരെ തിരഞ്ഞുപിടിച്ച് മുഖ്യമന്ത്രിക്ക് കാണാന്‍ അവസരം ഒരുക്കുന്നതിനെതിരേ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നു തന്നെയാണ് ആദ്യ പ്രതിഷേധം ഉയര്‍ന്നത്.
നാളെ രാവിലെ 10.30നു കുമളി എസ്എന്‍ ഓഡിറ്റോറിയത്തിലാണു മുഖ്യമന്ത്രിയുമായുള്ള പ്രമുഖരുടെ കൂടിക്കാഴ്ച. ജില്ലയിലെ പ്രമുഖ വ്യക്തികളും സംഘടനകളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണു ജില്ലാ സെക്രട്ടറിയുടെ കത്ത്. കത്ത് പുറത്തായതോടെ സിപിഎം അനുഭാവികളും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ ഒരുസംഘം കുമളി നിവാസികള്‍ മുഖ്യമന്ത്രിയെ കാണാന്‍ അവസരം ചോദിച്ച് പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചു. എന്നാല്‍ ക്ഷണിക്കപ്പെടുന്നവര്‍ക്കു മാത്രമെ പ്രവേശനമുള്ളൂ എന്നായിരുന്നു ബന്ധപ്പെട്ടവരുടെ മറുപടി.
ടൂറിസം അടക്കം കുമളി മേഖലയുടെ സമഗ്ര വികസനം സംബന്ധിച്ചു മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവര്‍ സന്ദര്‍ശനത്തിന് അവസരം ചോദിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ജില്ലയില്‍ രാജാക്കാട്ട് എത്തുന്നുണ്ട്. ഈ പരിപാടിക്കിടെ ലഭിക്കുന്ന സമയത്തു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ പ്രമുഖര്‍ക്കു ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ നേതൃത്വത്തില്‍ വഴിയൊരുക്കുകയായിരുന്നു. എന്നാല്‍, കത്തില്‍ തന്നെ പ്രമുഖര്‍ എന്ന് ചേര്‍ത്തത് പാര്‍ട്ടിയുടെ മുഖച്ഛായക്ക് കോട്ടംതട്ടുന്നതാണെന്നായിരുന്നു ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഏപ്രില്‍ 30നു തയ്യാറാക്കിയ കത്ത് ഇതിനിടെ പലര്‍ക്കും എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. വിവാദം ഉയര്‍ന്നതോടെ പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും ചില പ്രാദേശിക നേതാക്കള്‍ കത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതു പാര്‍ട്ടിക്ക് തലവേദനയായി. പാര്‍ട്ടിയോട് ആലോചിക്കാതെ കത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടതു വിഭാഗീയതയുടെ ഭാഗമാണെന്നും ഒരുപക്ഷം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
അതേസമയം, പാര്‍ട്ടിക്കുണ്ടായ നാണക്കേടില്‍ നിന്നു തലയൂരാന്‍ പ്രമുഖര്‍ക്കൊപ്പം ആവശ്യങ്ങള്‍ നിറവേറ്റാനെത്തുന്നവരെയും സാധ്യമാവുന്നിടത്തോളം മുഖ്യമന്ത്രി പരിഗണിക്കണമെന്ന പരിഹാര നിര്‍ദേശവും ജില്ലാ കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിനിടെയാണ് ക്ഷണിക്കപ്പെടാത്തവരെ കുമളിയിലുള്ളവരായാല്‍ പോലും കാണാന്‍ സമ്മതിക്കില്ലെന്നു ജില്ലാ നേതൃത്വത്തിലെ ചിലര്‍ തീര്‍ത്തുപറഞ്ഞത്.
അടുത്തിടെ ജില്ലയില്‍ പാര്‍ട്ടി നടത്തിയ ചില സമരങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്തിരുന്നു. ഇതിനു മറയിടാനെന്നോണം നടത്തിയ കൂടിക്കാഴ്ചയാണു കത്തില്‍ പ്രമുഖര്‍ കയറിക്കൂടിയതോടെ വിവാദമായത്. ജില്ലയില്‍ പാര്‍ട്ടി നേതൃത്വവുമായി അസ്വാരസ്യമുള്ളവരെ ചേര്‍ത്തുനിര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ഒഴിവുസമയം ഉപയോഗിക്കാതെ പ്രമുഖരെ കാണാന്‍ തീരുമാനിച്ചതു നേതാക്കളില്‍ ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it